ജെഎംഎ നിവേദനം മുഖ്യമന്ത്രിക്ക്; ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം

ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (JMA) ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് ഉൾപ്പടെയുള്ള ഭാരവാഹികളാണ് ഓൺലൈൻ മാദ്ധ്യമ മേഖലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയും അർഹരായവരെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

By Senior Reporter, Malabar News
JMA submitted a memorandum to the Chief Minister
Image Provided by JMA, Edited and Cropped by Team MN

തിരുവനന്തപുരം: വ്യാജ പ്രസ് കാർഡുകളുമായി പ്രവർത്തിക്കുന്നവരെ കർശനമായി നിയന്ത്രിക്കുക, ‘ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്’ പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക, അർഹരായ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് സർക്കാർ പരസ്യങ്ങൾ ലഭ്യമാക്കുക എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജെഎംഎ പ്രതിനിധികൾ മുഖ്യമന്ത്രി വിഡി സതീശന് നിവേദനം സമർപ്പിച്ചത്.

വ്യാജ പ്രസ് കാർഡുകളുമായി പ്രവർത്തിക്കുന്നവർ, യഥാർഥ മാദ്ധ്യമങ്ങൾക്കും സംസ്‌ഥാന സുരക്ഷയ്‌ക്കും വരെ ഭീഷണിയാണെന്ന് ജെഎംഎ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി.

നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ:

  • കർശന നിയന്ത്രണങ്ങൾ: കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സെൽഫ് റെഗുലേറ്ററി ബോർഡ് (SRB) രജിസ്ട്രേഷൻ നിർബന്ധമാക്കണം. ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ (IT Rules 2021) അനുശാസിക്കുന്ന ‘ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്’ പൂർണമായും പാലിക്കുന്നവർക്ക് മാത്രം സർക്കാർ അംഗീകാരം നൽകുക.
  • പരാതി പരിഹാര സംവിധാനം: ഐടി നിയമങ്ങളിൽ നിഷ്‌കർഷിക്കുന്നതുപോലെ ത്രിതല പരാതി പരിഹാര സംവിധാനവും (Three-tier grievance redressal mechanism) ഗ്രീവൻസ് ഓഫീസറും ഉള്ള മാദ്ധ്യമങ്ങളെ മാത്രമേ പരിഗണിക്കാവൂ.
  • പിആർഡി (PRD) എംപാനൽമെന്റും ആനുകൂല്യങ്ങളും: ഈ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന യഥാർത്ഥ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് പിആർഡി എംപാനൽമെന്റ്, ഔദ്യോഗിക പ്രസ് അക്രഡിറ്റേഷൻ, സർക്കാർ പരസ്യങ്ങൾ എന്നിവ ലഭ്യമാക്കണം.
  • ക്ഷേമപദ്ധതികൾ: അർഹരായ ഓൺലൈൻ മാദ്ധ്യമ പ്രവർത്തകരെ വർക്കിംഗ് ജേർണലിസ്‌റ്റ് പെൻഷൻ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്തണം.
  • ഔദ്യോഗിക ലിസ്‌റ്റ് പ്രസിദ്ധീകരിക്കുക: സർക്കാർ അംഗീകരിച്ച ഓൺലൈൻ മാദ്ധ്യമങ്ങളുടെ ലിസ്‌റ്റ് പിആർഡി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുക. ഇത് പൊതുജനങ്ങൾക്കും പോലീസിനും ഏറെ സഹായകമാകും.

ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അവരുടെ വിവരങ്ങൾ സമർപ്പിക്കാൻ പിആർഡിയുടെ കീഴിൽ പ്രത്യേക ഓൺലൈൻ പോർട്ടൽ തുടങ്ങണമെന്നും ജെഎംഎ ആവശ്യപ്പെട്ടു. പോർട്ടൽ വഴി വരുന്ന അപേക്ഷകൾ പരിശോധിക്കാനും അർഹരായവർക്ക് പ്രസ് പാസ് അനുവദിക്കാനുമായി കേന്ദ്ര ഇൻഫർമേഷൻ ബ്രോഡ്‌കാസ്‌റ്റ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ജെഎംഎ ഉൾപ്പെടെയുള്ള മാദ്ധ്യമ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും നിവേദനത്തിൽ വ്യക്‌തമാക്കുന്നു.

മാദ്ധ്യമ രംഗത്തെ ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജെഎംഎ ദേശീയ പ്രസിഡണ്ട് വൈശാഖ് സുരേഷ് വ്യക്‌തമാക്കി.

Most Read| ഇരുചക്ര വാഹനത്തിൽ ഇനി അഭ്യാസം വേണ്ട; പുതിയ സുരക്ഷാ സംവിധാനങ്ങൾ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE