തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ദിരാ ഭവനിലെത്തിയ കോൺഗ്രസിന്റെ വനിതാ ജനപ്രതിനിധിയെ ആലിംഗനം ചെയ്യാൻ ശ്രമിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്‌ത സംഭവത്തിൽ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാദ്ധ്യമപ്രവർത്തകർക്കും മുന്നിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്‌തതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. ഇതിൽ തൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
”പിത്യനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി. മേത്തർ എംപി അന്നുതന്നെ പറഞ്ഞിരുന്നു. എന്റെ പെരുമാറ്റത്തിൽ ഒരു ദുരദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്‌ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്‌മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇവരോടെല്ലാം ആഹ്ളാദപൂർവം സൗഹൃദം പങ്കുവെച്ചു.
അര നൂറ്റാണ്ടിന് മുൻപ് രാഷ്‌ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്‌ക്ക് താഴെയുള്ള നാഡി വ്യവസ്‌ഥ തകർച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിൽസ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റ് നടക്കുന്നത്. ഒറ്റയാനായി സന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്‌ത്രീലമ്പടനായി ചില സാമൂഹ്യ മാദ്ധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു” – വാർത്താക്കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Most Read| ‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ കുറച്ച് മോശം കാര്യങ്ങൾ സംഭവിക്കും’




































