കൊച്ചി: നടൻ സലിം കുമാറിന് (56) ആദരാഞ്ജലി അർപ്പിക്കൻ വൻ ജനാവലി. മൂന്ന് പതിറ്റാണ്ടോളം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ നടനെ അവസാനമായി ഒരുനോക്ക് കാണാൻ രാഷ്ട്രീയ-സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധിപ്പേരാണ് എത്തുന്നത്.
രാവിലെ ഒമ്പത് മുതൽ പറവൂരിലെ ടൗൺഹാളിൽ പൊതുദർശനം ആരംഭിച്ചു. ഉച്ചയ്ക്ക് ഒരുമണിവരെയാണ് പൊതുദർശനം. ശേഷം വീട്ടിലേക്ക് കൊണ്ടുപോകുന്ന ഭൗതികശരീരം, വൈകീട്ട് മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്കാരം.
ന്യൂമോണിയ ബാധിച്ച് ചികിൽസയിലായിരുന്ന അദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ബുദ്ധിമുട്ടിലായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സ്ഥിരീകരിച്ചത്.
1984ൽ ‘എന്റെ പ്രിയപ്പെട്ട കുട്ടിച്ചാത്തൻ’ എന്ന സിനിമയിലൂടെ സലീം കുമാർ തന്റെ സിനിമാ ജീവിതം ആരംഭിച്ചെങ്കിലും 1996 മുതലാണ് സിനിമയിൽ സജീവമായത്. ‘ഇഷ്ടമാണ് നൂറുവട്ടം’ ആണ് ആദ്യ ശ്രദ്ധേയ ചിത്രം. 2026വരെയുള്ള നീണ്ട മൂന്നുപതിറ്റാണ്ട് കൊണ്ട് 300ലധികം സിനിമകളിൽ സലിംകുമാർ അഭിനയിച്ചിട്ടുണ്ട്.
സിനിമാ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്ന ‘തെങ്കാശിപ്പട്ടണം’ എന്ന സിനിമയിലൂടെ മലയാള സിനിമയുടെ ചരിത്രത്തിലേക്ക് പ്രവേശിച്ച ഇദ്ദേഹം സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് നാടകത്തിലും മിമിക്രിയിലും സജീവമായിരുന്നു. കൊച്ചിൻ കലാഭവൻ, സാഗർ തുടങ്ങിയ ട്രൂപ്പുകളിലൂടെ അക്കാലത്ത് വേദികളിൽ നിറഞ്ഞുനിന്നിരുന്നു.
2010ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് സലീം കുമാർ നേടിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾക്ക് അദ്ദേഹം അർഹനായത്. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ പ്രകടനത്തിന് 2005 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിലൂടെ 2013ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും നേടി.
തെങ്കാശിപ്പട്ടണം ആണ് ജീവിതം മാറ്റിയ ചിത്രം. ഹാസ്യതാരമായാണ് തുടങ്ങിയതെങ്കിലും പിന്നീട് ആഴമുള്ള കഥാപാത്രങ്ങൾ കിട്ടി. കല്യാണരാമൻ, സിഐഡി മൂസ, മായാവി, മീശ മാധവൻ, തിളക്കം, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവയാണ് മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. മൂന്ന് തമിഴ സിനിമകളിലും ഒരു ഒഡിയ സിനിമയിലും സലിംകുമാർ അഭിനയിച്ചു.
പെരുമഴക്കാലം, അച്ഛനുറങ്ങാത്ത വീട്, ഗ്രാമഫോൺ, ആദാമിന്റെ മകൻ അബു തുടങ്ങിയ സിനിമകളിലെ പ്രകടനം സലിം കുമാറിനെ മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ നിരയിലെത്തിച്ചു. കമ്പാർട്മെന്റ്, കറുത്ത ജൂതൻ, ദൈവമേ കൈതൊഴാം കെ. കുമാറാകണം എന്നീ സിനിമകൾ സംവിധാനം ചെയ്തു. ‘ഈശ്വരാ വഴക്കില്ലലോ’ എന്ന പേരിൽ ഓർമ്മക്കുറിപ്പുകൾ എഴുതിയിട്ടുണ്ട്.
എറണാകുളം ചിറ്റാറ്റുകരയിൽ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബർ 10 നായിരുന്നു ജനനം. പ്രണയിനിയായ സുനിതയെ 1996 സെപ്റ്റംബർ 14ന് ജീവിതസഖിയാക്കി. നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം





































