ജോർഹട്ട്: അസമിലെ ജോർഹട്ടിൽ വ്യോമസേനാ വിമാനം തകർന്നുവീണ് അഞ്ച് വ്യോമസേനാ സൈനികർക്ക് വീരമൃത്യു. വിമാനത്തിന്റെ കോപൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാൾ ചികിൽസയിലാണ്. ജോർഹട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ ആയിരുന്നു അപകടം.
പ്രശാന്ത് സിങ്, ശുഭം കുമാർ, ജിതേന്ദ്ര ശർമ, ഖീമരം കുമാവത്ത്, ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടവർ. വ്യോമസേനയുടെ AN-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ് റോറ എയർഫോഴ്സ് സ്റ്റേഷനിൽ തകർന്നുവീണത്. പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. അരുണാചൽ പ്രദേശിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ജോർഹട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
വ്യോമസേനാ താവളത്തിന്റെ പരിധിക്കുള്ളിൽ തന്നെയാണ് വിമാനം പതിച്ചത്. അപകട കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൺവേയിൽ നിന്ന് മാറിയാണ് വിമാനം ഇടിച്ചിറങ്ങിയത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ വ്യോമസേനാ താവളം പൂർണമായി അടച്ചു.
Most Read| നിപ്പ; ഹൈറിസ്കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്

































