ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പരസ്യ യുദ്ധഭീഷണിയുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. നമ്മുടെ ദേശീയ സുരക്ഷയും അതിന്റെ ഭാഗമായ ജലസുരക്ഷയും ഭീഷണിയിലാണെന്ന് ബോധ്യപ്പെടുന്ന പക്ഷം നമ്മൾ ഇന്ത്യക്കെതിരെ യുദ്ധത്തിന് ഇറങ്ങുമെന്നും അതിൽ യാതൊരു സംശയവുമില്ലെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ജലവിതരണം തടസപ്പെടുത്താൻ ഇന്ത്യ അസാധാരണ വേഗത്തിൽ നീങ്ങുന്നുവെന്ന് പാക്കിസ്ഥാന് തെളിവ് ലഭിച്ചാൽ സൈനിക നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിന്ധു നദീജല കരാർ നിർത്തിവെക്കാനുള്ള തീരുമാനം മാറ്റമില്ലാതെ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രതികരണം.
പാക്കിസ്ഥാൻ നേരിടുന്ന രൂക്ഷമായ ആഭ്യന്തര പ്രതിസന്ധികൾക്കും ജലക്ഷാമത്തിനും ഇടയിലാണ് ഇന്ത്യക്കെതിരെ കടുത്ത പരാമർശം. 2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക്ക് ഭീകരാക്രമണത്തെ തുടർന്നാണ് 1960ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്.
അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ വിശ്വസനീയവും ശക്തവുമായ നടപടികൾ സ്വീകരിക്കുന്നതുവരെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. നിലവിൽ സിന്ധ്, ബലൂചിസ്ഥാൻ പ്രവിശ്യകളിലായി പാക്കിസ്ഥാനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗത്തെയും ബാധിക്കുന്ന തരത്തിൽ ജലപ്രതിസന്ധി അതിരൂക്ഷമാണ്.
Most Read| ടി. വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും; ഈമാസം 29ന് ഹാജരാകാൻ നോട്ടീസ്





































