വാഷിങ്ടൻ: യുഎസും ഇറാനും വീണ്ടും ഏറ്റുമുട്ടൽ പാതയിൽ. ഹോർമുസ് കടലിടുക്കിൽ വെച്ച് ഒരു വാണിജ്യ കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോണാക്രമണത്തിന് മറുപടിയായി അമേരിക്കൻ സൈന്യം ശക്‌തമായ വ്യോമാക്രമണം നടത്തി.
ഈ പ്രത്യാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് ഇറാനിലെ മിസൈൽ കേന്ദ്രങ്ങളും റഡാർ സംവിധാനങ്ങളും തകർത്തതായി അമേരിക്ക അവകാശപ്പെട്ടു. ഇറാന്റേത് വെടിനിർത്തൽ കരാറിന്റെ വിഡ്‌ഢിത്തം നിറഞ്ഞ ലംഘനമാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു അമേരിക്കയുടെ അപ്രതീക്ഷിത നീക്കം.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ഒമാൻ തീരത്തെ ദാഹിതിന് തെക്ക് കിഴക്കായാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്നും കപ്പലിന് കേടുപാടുകൾ ഉണ്ടായെന്നും യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.
ഇറാനും യുഎസും ഇടക്കാല സമാധാന കരാറിൽ ഒപ്പുവെച്ചതിന് ശേഷം ആദ്യമായാണ് ഹോർമുസ് കടലിടുക്കിൽ വെച്ച് കപ്പലിന് നേരെ ആക്രമണം ഉണ്ടാകുന്നത്. ഡ്രോൺ ആക്രമണത്തിന് മറുപടിയായി ഇറാന്റെ മിസൈൽ-ഡ്രോൺ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാർ സംവിധാനങ്ങളിലും വെള്ളിയാഴ്‌ച യുഎസ് അമേരിക്ക ആക്രമണം നടത്തിയതായി സൈന്യം സെൻട്രൽ കമാൻഡ് സ്‌ഥിരീകരിച്ചു.
ഇറാന്റെ ഭാഗത്തുനിന്ന് അക്രമണത്തോട് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. അടുത്ത 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാൻ പരമാവധി ശ്രമിക്കണമെന്ന വ്യവസ്‌ഥ സമാധാന കരാറിലുണ്ടായിരുന്നു. ഈ കരാറാണ് ലംഘിക്കപ്പെട്ടത്. ഇതോടെ പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും ആശങ്കയും ശക്‌തമായിരിക്കുകയാണ്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം







































