ദോഹ: പൊതുജനങ്ങൾക്ക് കർശന നിർദ്ദേശവുമായി ഖത്തർ. ബോട്ട് യാത്ര ഉൾപ്പടെ കടലിലെ എല്ലാ യാത്രാ-വിനോദ പരിപാടികളും താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിട്ടു. സുരക്ഷ മുൻനിർത്തിയാണ് കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. രാജ്യാന്തര ചരക്ക് കപ്പലുകൾക്ക് നിരോധനമില്ല.
കഴിഞ്ഞദിവസം ബോട്ടിൽ മിസൈൽ ഭാഗങ്ങൾ പതിച്ച് ഖത്തർ പൗരൻ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ മിസൈൽ ഭാഗങ്ങളാണോ ബോട്ടിൽ പതിച്ചതെന്നതിൽ സ്ഥിരീകരണമില്ല. അതേസമയം, ഇറാനുമായി ചൊവ്വാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ചർച്ച നടത്തുമെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞത്.
എന്നാൽ, ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇക്കാര്യം നിഷേധിച്ചു ഇറാൻ രംഗത്തെത്തി. വരും ദിവസങ്ങളിലൊന്നും യുഎസുമായി കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു.
യുഎസുമായി ചർച്ച നടത്തിയ പ്രതിനിധി സംഘം ദോഹ സന്ദർശിക്കുമെന്നും ധാരണാപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട് ചെയ്തു. യുഎസ് പ്രതിനിധികളുടെ ഖത്തർ സന്ദർശനവും ഇറാൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനവും തമ്മിൽ ബന്ധമില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Most Read| മൂന്നാറിൽ പ്ളാസ്റ്റിക് നിരോധനം; നാളെ മുതൽ പ്രാബല്യത്തിൽ, കനത്ത പിഴ



































