ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന ഒരു യുവതിയുടെ കഥയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തൊഴിൽ മേഖലകളും രീതികളും മാറിമറിഞ്ഞതോടെ ഏതൊരു പ്രൊഫഷണും സമ്മർദ്ദങ്ങൾക്ക് നടുവിലാണെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുകയാണ് അവർ.
സംരംഭകയും ഇൻഫ്ളുവൻസറുമായ ഡോ. നെസ്റിൻ മിദ്ലജാണ് യാത്രക്കിടെ പരിചയപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറായ നെസ്രിൻ എന്ന യുവതിയുടെ ജീവിതകഥ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. കഷ്ചപ്പെട്ട് പഠിച്ച് നല്ലൊരു ജോലി വാങ്ങി പണം സമ്പാദിച്ചാൽ ജീവിതം ഭദ്രമായെന്ന് കരുതുന്ന കാഴ്ചപ്പാട് പാടെ തുടച്ചുമാറ്റുകയാണ് നെസ്രിൻ.
പണം ഉണ്ടായിട്ട് മാത്രം കാര്യമില്ല, സ്വസ്ഥതയും സമാധാനവും ഇല്ലാതെ എങ്ങനെ ജീവിക്കും എന്നാണ് നെസ്രിൻ ചോദിക്കുന്നത്. പണത്തേക്കാൾ വലുത് മാനസിക സന്തോഷമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതലാണ് താൻ വ്യത്യസ്തമായ വഴി തിരഞ്ഞെടുത്തതെന്നും നെസ്രിൻ പറയുന്നു.
ഒമ്പത് വർഷത്തോളം ഐടി മേഖലയിൽ മാനേജരായി ജോലി ചെയ്ത ശേഷമാണ് നെസ്രിൻ പുരുഷൻമാരുടെ കുത്തകയായ ഓട്ടോ ഡ്രൈവർ മേഖലയിലേക്ക് ഇറങ്ങുന്നത്. ഐടി മേഖലയിലെ സമ്മർദവും ടെൻഷനും താങ്ങാനാവാത്ത നില വന്നതോടെയായിരുന്നു ഈ മാറ്റം. രണ്ടുംകൽപ്പിച്ചു തന്നെയായിരുന്നു ജോലി ഉപേക്ഷിച്ചതും ഓട്ടോ ഡ്രൈവറായതെന്നും നെസ്രിൻ വീഡിയോയിൽ പറയുന്നു.
ഓട്ടോ ഓടിച്ച് പ്രതിമാസം അറുപതിനായിരം രൂപ സമ്പാദിക്കുന്നുണ്ട്. എല്ലാറ്റിനുമുപരി ഇന്ന് ജീവിതത്തിൽ സന്തോഷമുണ്ട്. അതാണ് പ്രധാനമെന്നും യുവതി പറയുന്നു. വീഡിയോ പുറത്തുവന്നതോടെ നിരവധിപ്പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ജീവിതത്തിൽ സമാധാനം കണ്ടെത്താനും വിജയം കൈവരിക്കാനും യുവതി കാണിച്ച ധൈര്യത്തെ ആളുകൾ പ്രശംസിക്കുകയാണ്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































