വാഷിങ്ടൻ: ഇറാനെതിരെ പരിഹാസവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുന്ന വേളയിലാണ് പരിഹാസവുമായി ട്രംപ് രംഗത്തെത്തിയത്.
സംസ്‌കാര ചടങ്ങുകൾക്കായി യുഎസ്, ഇറാന് ഒരാഴ്‌ചത്തെ ഇടവേള നൽകിയെന്നും ഞങ്ങൾ നല്ലവരായതുകൊണ്ടാണ് ഇങ്ങനെ ചെയ്‌തതെന്നും ട്രംപ് പറഞ്ഞു. അമേരിക്കയുടെ 250ആം സ്വാതന്ത്ര്യ ദിനാഘോഷങ്ങങ്ങളുടെ ഭാഗമായി മൗണ്ട് റാഷ്‌മോറിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഞങ്ങൾ ഇറാന്റെ ആത്‌മവിശ്വാസം തകർത്തു. കരാറിലെത്താനായി അവർ ആഗ്രഹിക്കുന്നുണ്ട്. അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനാൽ ഞങ്ങൾ അവർക്ക് ഒരാഴ്‌ചത്തെ ഇടവേള നൽകി. കാരണം ഞങ്ങൾ വളരെ നല്ലവരാണ്”- ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്‌താവന വലിയ കയ്യടികളോടെയാണ് ജനം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇറാനിൽ ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകളുടെ ഭാഗമായി വിലാപയാത്രയടക്കം ഒരാഴ്‌ച നീളുന്ന പരിപാടികൾക്ക് തുടക്കമായി. ടെഹ്റാനിലെ ഇമാം ഖുമൈനി ഗ്രാൻഡ് മുസല്ല പ്രാർഥനാ മന്ദിരത്തിലാണ് പൊതുദർശനം ഒരുക്കിയത്. ഫെബ്രുവരി 28ന് ഇസ്രയേലും യുഎസും ചേർന്ന് നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടത്.
വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ, ബിഹാർ ഗവർണർ ലഫ്. ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്‌നൈൻ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ചു സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു. കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്‌തി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു. ചടങ്ങുകൾക്ക് റഷ്യയിൽ നിന്നും ചൈനയിൽ നിന്നും പ്രതിനിധികളെത്തും.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































