ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇ കപ്പലുകൾക്ക് നേരെയുണ്ടായ മിസൈലാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹുസൈനിയിയെയും മറ്റ് ഇറാനിയൻ നയതന്ത്രജ്ഞരെയുമാണ് വിളിച്ചുവരുത്തിയത്.
ഒമാൻ അതിർത്തിക്കുള്ളിൽ നടന്ന ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടപ്പിച്ചതിന് പിന്നാലെയാണ് നീക്കം. ഒമാൻ തീരം വഴി ഹോർമുസ് കടക്കാൻ ശ്രമിച്ച രണ്ട് യുഎഇ കപ്പലുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മോംബാസ, അൽ ബാഹിയ എന്നീ എണ്ണക്കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. 30 ഇന്ത്യൻ നാവികരാണ് കപ്പലുകളിൽ ഉണ്ടായിരുന്നത്.
ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും പത്തുപേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മോംബാസ കപ്പലിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. അതേസമയം, കൊല്ലപ്പെട്ട വ്യക്തിയുടെയോ പരിക്കേറ്റവരുടെയോ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഒമാന്റെ ജലാതിർത്തിയിൽ, ഹോർമുസ് കടലിടുക്കിന്റെ തെക്കൻ ഭാഗത്തുവെച്ചാണ് മിസൈൽ ആക്രമണം ഉണ്ടായത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. അതിനിടെ, യുകെ ബന്ധമുള്ള ടാങ്കറിന് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ഒമാന്റെ തെക്കുകിഴക്കൻ മേഖലയായ ലിമയ്ക്ക് സമീപത്തുകൂടി പോകുകയായിരുന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം





































