തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി വിശദമായി പഠിച്ചതിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ, ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കില്ല. ഡെൽഹി മെട്രോ റയിൽ കോർപ്പറേഷൻ (ഡിഎംആർസി) സമർപ്പിച്ച ഇടക്കാല റിപ്പോർട് വിശദമായി പഠിച്ച ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡിഎംആർസിയുടെ ഇടക്കാല റിപ്പോർട് വിദഗ്‌ധ സമിതി പരിശോധിച്ചു. ധനകാര്യം, റെയിൽവേ, പരിസ്‌ഥിതി എന്നീ മേഖലകളിലെ വിദഗ്‌ധരും ട്രാൻസ്‌പോർട്ട് സെക്രട്ടറിയും ഉൾപ്പെട്ട സമിതിയാണ് റിപ്പോർട് വിലയിരുത്തിയത്. പദ്ധതിക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യതയെക്കുറിച്ചോ യാത്രക്കാരുടെ എണ്ണത്തെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ റിപ്പോർട്ടിലില്ലെന്നും ഇതൊരു പൂർണമായ റിപ്പോർട് അല്ലെന്നും സമിതി അഭിപ്രായപ്പെട്ടു.
കെ റെയിൽ പദ്ധതിയുടെ കാര്യത്തിൽ സംഭവിച്ച പാളിച്ചകൾ അതിവേഗ റെയിലിന്റെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നൽകി. പാരിസ്‌ഥിതികവും സാമൂഹികവുമായ ആഘാത പഠനങ്ങൾ തടത്തുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനങ്ങളോ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളോ ആരംഭിക്കരുതെന്നാണ് സമിതിയുടെ ശുപാർശ.
കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്‌ഥിതിക്കും ആഘാതമുണ്ടാക്കുന്ന ഒരു പരിസ്‌ഥിതി ദുരന്തമായി ഈ പദ്ധതി മാറാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. അതേസമയം, സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന് പുതിയ സംവിധാനം കൊണ്ടുവരാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഡാറ്റ ഡ്രിവൺ ഫയൽ നീക്കത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിങ് സംവിധാനം വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം






































