ന്യൂഡെൽഹി: കേരളത്തിൽ ഉൾപ്പടെ നാൾക്കുനാൾ വർധിച്ചിച്ചുവരുന്ന ഡെങ്കിപ്പനി പ്രതിരോധത്തിനായി ഇന്ത്യക്ക് സുപ്രധാന നേട്ടം. രാജ്യത്ത് ആദ്യമായി ഡെങ്കിപ്പനിക്കെതിരായ വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി.
ജപ്പാൻ കമ്പനിയായ തകെഡ ബയോഫാർമസ്യൂട്ടിക്കൽ നിർമിച്ച ക്യുഡെൻഗ (QDENGA: TAK-003) എന്ന വാക്സിനാണ് അനുമതി നൽകിയത്. 2027ന്റെ ആദ്യ പകുതിയിൽ വാക്സിൻ ഇന്ത്യയിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വിപണന അനുമതി ലഭിച്ച ശേഷം തുടക്കത്തിൽ സ്വകാര്യ ആശുപത്രികളിലൂടെയാണ് വാക്സിൻ നൽകുക.
ഡെങ്കിപ്പനിക്ക് കാരണമാകുന്ന നാല് വൈറസ് വകഭേദങ്ങളെ (DENV-1, DENV-2, DENV-3, DENV-4) പ്രതിരോധിക്കാൻ വാക്സിന് ശേഷിയുണ്ട്. നേരത്തെ, ഡെങ്കിപ്പനി വന്നിട്ടുണ്ടോ എന്നത് പരിഗണിക്കാതെ തന്നെ വാക്സിൻ നൽകാമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, വാക്സിൻ സ്വീകരിക്കുന്നതിന് മുൻപ് പ്രത്യേക പരിശോധനകൾ ആവശ്യമില്ല.
നാല് വയസുമുതൽ 60 വയസുവരെ ഉള്ളവർക്ക് വാക്സിൻ ഉപയോഗിക്കാം. മൂന്ന് മാസത്തെ ഇടവേളയിൽ 0.5 മില്ലിലിറ്റർ വീതമുള്ള രണ്ട് ഡോസ് വാക്സിനാണ് നൽകുക. ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ ഇ-ഫാർമ കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിലെ നിർമാണം. 2030 ആകുമ്പോഴേക്കും പ്രതിവർഷം പത്തുകോടി ഡോസ് ഉൽപ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം.

6000-12,000 രൂപയ്ക്ക് വാക്സിൻ വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിപ്പ്. ഡെങ്കിപ്പനി വ്യാപകമായ എട്ട് രാജ്യങ്ങളിൽ നിന്നുള്ള 20,000 കുട്ടികളിലും മുതിർന്നവരിലും നാലരവർഷം നീണ്ട പരീക്ഷണത്തിൽ ഡെങ്കിപ്പനി ലക്ഷണങ്ങൾക്കെതിരെ വാക്സിൻ 84% സംരക്ഷണം നൽകുന്നതായി കണ്ടെത്തി. യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഇതിനോടകം വാക്സിന് അനുമതി ലഭിച്ചിട്ടുണ്ട്.
ലോകത്തിലെ ഡെങ്കിപ്പനി കേസുകളിൽ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നാണ് വിലയിരുത്തൽ. നഗരവൽക്കരണം, കാലാവസ്ഥാ വ്യതിയാനം, കൊതുകുകളുടെ വ്യാപനം എന്നിവ രോഗവ്യാപനത്തിന് പ്രധാന കാരണങ്ങളായി തുടരുന്ന സാഹചര്യത്തിൽ ഈ വാക്സിൻ ഇന്ത്യയുടെ പൊതുജനാരോഗ്യ രംഗത്ത് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം



































