കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പ്രശാന്തിനെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോയി. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എസ്ഐടി അറിയിച്ചു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് വിവരം. ബോർഡ് അംഗം അജികുമാറിനെയും തിരുവാഭരണം കമ്മീഷണറായിരുന്ന റെജിലാലിനെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്. ശബരിമല സ്വർണക്കേസിൽ കേസിൽ നാലാം പ്രതിയായി പ്രശാന്തിനെ കഴിഞ്ഞമാസം എസ്ഐടി പ്രതിചേർത്തിരുന്നു. 2025ൽ സ്വർണപ്പാളികൾ കൊണ്ടുപോയതിൽ പിഎസ്. പ്രശാന്തിനെതിരെ തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
സ്വർണപ്പാളികൾ കൈമാറിയ നടപടിയിൽ ക്രിമിനൽ ഗൂഢാലോചന നടന്നതായും എസ്ഐടി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2019ലെ സ്വർണക്കൊള്ള മറയ്ക്കുന്നതിനായാണ് 2025ൽ പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയി സ്വർണം പൂശിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
40 വർഷം ഗ്യാരണ്ടിയുള്ള സ്വർണപ്പാളികൾക്ക് വെറും അഞ്ചുവർഷത്തിനുള്ളിൽ മങ്ങലേറ്റപ്പോൾ, നിയമനടപടി സ്വീകരിക്കുന്നതിന് പകരം മുമ്പ് സ്വർണം കൊണ്ടുപോയ ചെന്നൈയിലെ കമ്പനിയിലേക്ക് തന്നെ വീണ്ടും കൊണ്ടുപോകാൻ പിഎസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്.
അന്തരിച്ച ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവാണ് കേസിലെ ഒന്നാംപ്രതി. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ടാം പ്രതിയും സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും ദേവസ്വം ബോർഡ് അംഗം അഡ്വ. എ. അജികുമാർ അഞ്ചാം പ്രതിയുമാണ്. തിരുവാഭരണം കമ്മീഷണർ റെജിലാലാണ് കേസിലെ ഏഴാം പ്രതി.
ബോർഡ് അംഗമായിരുന്ന സുന്ദരേശൻ, ബോർഡ് സെക്രട്ടറി ബിന്ദു, തിരുവാഭരണം കമ്മീഷണർ സുനില, എക്സിക്യൂട്ടീവ് ഓഫീസർ ഒജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ്, അസി. എക്സിക്യൂട്ടീവ് ഓഫീസർ ഹേമന്ത്, 2020ൽ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വിഎസ് രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്കും വിശദമായി അന്വേഷിക്കുന്നുണ്ട്.
Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം


































