ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; സമരം അവസാനിച്ച് സിജെപി, ‘പ്രവർത്തകർ പിരിഞ്ഞുപോകണം’

നാല് ആഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും സർക്കാരുമായി ചർച്ച നടത്തുമെന്ന് സിജെപി മുഖ്യ വക്‌താവ്‌ സൗരവ് ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

By Senior Reporter, Malabar News
Cockroach Janata Party Delhi Protest
ജന്തർ മന്തറിൽ സിജെപി നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് (Image Courtesy: The Indian Express)

ന്യൂഡെൽഹി: എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചെന്നും സമരം അവസാനിപ്പിക്കുകയാണെന്നും കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിനിധികൾ. കേന്ദ്ര സർക്കാരുമായി ഇന്ന് നടത്തിയ മൂന്നാംഘട്ട ചർച്ചക്ക് പിന്നാലെയാണ് സിജെപിയുടെ പ്രഖ്യാപനം. പ്രവർത്തകർ ജന്തർ മന്തറിൽ നിന്ന് സമാധാനപരമായി പിരിഞ്ഞുപോകാനും സിജെപി ആഹ്വാനം ചെയ്‌തു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് അർഹമായ നഷ്‌ടപരിഹാരം നൽകണമെന്നുമായിരുന്നു സിജെപിയുടെ പ്രധാന ആവശ്യങ്ങൾ.

ഇവയ്‌ക്ക് പുറമെ വിദ്യാഭ്യാസം, പരീക്ഷാ നടത്തിപ്പ് എന്നിവയിൽ വരുത്തേണ്ട പരിഷ്‌കാരങ്ങളെ കുറിച്ച് സിജെപി മുന്നോട്ടുവെച്ച അഞ്ചിന ആവശ്യങ്ങളും പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. ഇതിനായി നാല് ആഴ്‌ചയ്‌ക്കുള്ളിൽ വീണ്ടും സർക്കാരുമായി ചർച്ച നടത്തുമെന്ന് സിജെപി മുഖ്യ വക്‌താവ്‌ സൗരവ് ദാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്ര മന്ത്രിമാരായ ജെപി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരുമായാണ് സിജെപി നേതാക്കൾ ഇന്ന് ചർച്ച നടത്തിയത്. മൂന്നാം തവണയായിരുന്നു ചർച്ച. രണ്ടുവട്ടവും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തട്ടിയാണ് ചർച്ച പരാജയപ്പെട്ടത്. എന്നാൽ, ഇന്ന് ചർച്ച ആരംഭിക്കുന്നതിന് മുൻപേ തന്നെ മന്ത്രി രാജിവെച്ചിരുന്നു. തുടർന്ന് പ്രധാനമായും രണ്ട് ആവശ്യങ്ങളായിരുന്നു ചർച്ചയിൽ ഉണ്ടായിരുന്നത്.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാണ് സിജെപി ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ചർച്ചയിൽ ഉണ്ടായ തീരുമാനങ്ങൾ കേന്ദ്ര മന്ത്രിമാരും സിജെപി നേതാക്കളും സംയുക്‌ത വാർത്താസമ്മേളനത്തിൽ വിവരിച്ചു.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ എടുത്ത എല്ലാ കേസുകളും പിൻവലിക്കുമെന്നും ഭാവിയിൽ ഒരുവിധത്തിലുമുള്ള നിയമനടപടികളും ഉണ്ടാവില്ലെന്നും കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. ആത്‍മഹത്യ ചെയ്‌ത വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള നഷ്‌ടപരിഹാരത്തിൽ അനുഭാവപൂർവമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രിമാർ ഉറപ്പ് നൽകി.

വിദ്യാഭ്യാസ രംഗത്ത് സിജെപി മുന്നോട്ടുവെച്ച പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ചർച്ച നടത്താമെന്നും മന്ത്രിമാർ സമ്മതിച്ചു. തുടർന്ന് സമരം വിജയിച്ചെന്നും പ്രവർത്തകർ സമാധാനപൂർവം പിരിഞ്ഞുപോകണമെന്നും സിജെപി നേതാക്കൾ അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിന് ശേഷം കേന്ദ്രമന്ത്രിമാരും സിജെപി നേതാക്കളും കൈ കൊടുത്താണ് പിരിഞ്ഞത്.

Most Read| ‘പുണ്യം പൂങ്കാവനം’ പദ്ധതി തുടരാൻ സർക്കാർ അനുമതി; പി. വിജയന് ക്ളീൻ ചിറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE