കോഴിക്കോട്: സുഹൃത്തിനെ കാണാൻ ബെംഗളൂരുവിൽ പോയ 21കാരനെ തട്ടിക്കൊണ്ടുപോയി നഗ്നഫോട്ടോ എടുത്ത് വീട്ടുകാർക്ക് അയച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി. കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ളോറിക്കൻ റോഡ് സ്വദേശിയായ യുവാവാണ് ചേവായൂർ പോലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ നഗ്നദൃശ്യങ്ങൾ പകർത്തി മൊബൈൽ ഫോണിലൂടെ വീട്ടുകാർക്ക് അയച്ചുവെന്നും പണം നൽകാത്തപക്ഷം കൂടുതൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ 24നാണ് യുവാവ് ബെംഗളൂരുവിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ എത്തിയത്. അവിടെവെച്ച് യുവാവിന്റെ മറ്റൊരു സുഹൃത്തായ യുവതിയുടെ പേര് പറഞ്ഞെത്തിയ ആറംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് കേരളത്തിൽ എത്തിച്ച് പയിമ്പ്ര ചായിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്ത് അമ്മയ്ക്ക് അയച്ചതായി പരാതിയിൽ പറയുന്നു. ശേഷം എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
രഹസ്യ കേന്ദ്രത്തിൽ നിന്ന് യുവാവ് രക്ഷപ്പെട്ട് ഇന്നലെ ചേവായൂർ പോലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, യുവാവിനെ ബെംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് സൂചനയുണ്ട്. പ്രതികളിൽ യുവതി ഉൾപ്പടെ മൂന്നുപേരെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































