ന്യൂഡെൽഹി: വിഡി. സവർക്കറെ കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കേസ് സുപ്രീം കോടതി റദ്ദാക്കി. സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിൽ നിലനിന്നിരുന്ന കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.
രാഹുലിനെതിരെ പ്രോസിക്യൂഷൻ അനുമതി നൽകിയിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇതേ തുടർന്നാണ് കേസും അതിന്റെ അടിസ്ഥാനത്തിൽ ലഖ്നൗ കോടതി പുറപ്പെടുവിച്ച സമൻസും റദ്ദാക്കിയത്. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് റദ്ദാക്കിയത്.
2022ൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് രാഹുൽ ഗാന്ധി വിഡി സവർക്കറെ വിമർശിക്കുന്ന പരാമർശം നടത്തിയത്. ‘സവർക്കറെ ബ്രിട്ടീഷുകാരുടെ സേവകൻ’ എന്ന് വിളിച്ചെന്നും വാർത്താ സമ്മേളനത്തിൽ ഇത് പരാമർശിച്ച് ലഘുരേഖ വിതരണം ചെയ്തെന്നും കാണിച്ച് ഒരു അഭിഭാഷകൻ ലഖ്നൗ കോടതിയിൽ പരാതി നൽകുകയായിരുന്നു.
രാഹുൽ ഗാന്ധി ഹാജരാകണമെന്ന് നിർദ്ദേശിച്ച് 2024 നവംബറിൽ ലഖ്നൗ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ രാഹുൽ ഗാന്ധി ഹരജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീം കോടതിയിലെത്തിയത്.
2025 ഏപ്രിലിൽ കേസ് ആദ്യം പരിഗണിച്ച ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് സമൻസ് നടപടികൾ സ്റ്റേ ചെയ്തിരുന്നു. എന്നാൽ, സവർക്കറെ കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
രാഹുലിന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി സവർക്കറെ പ്രശംസിച്ച് കത്തെഴുതിയിരുന്ന കാര്യവും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വൈസ്രോയിക്ക് കത്തയക്കുമ്പോൾ മഹാത്മാഗാന്ധിയും നിങ്ങളുടെ വിശ്വസ്ത സേവകൻ എന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. അതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകൻ എന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ





































