ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ഡെൽഹി ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അന്വേഷിക്കാൻ സുപ്രീം കോടതി അഞ്ചംഗ ഉന്നതാധികാര സമിതിയെ നിയമിച്ചു. സുപ്രീം കോടതി മുൻ ജഡ്‌ജി ആർ. സുഭാഷ് റെഡ്‌ഡിയാണ് സമിതി അധ്യക്ഷൻ.
പഞ്ചാബ്-ഹരിയാന ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസ് രവിശങ്കർ ഝാ, ഡെൽഹി ഹൈക്കോടതി മുൻ ജഡ്‌ജി ജസ്‌റ്റിസ് ശാലിന്ദർ കൗർ, സിബിഐ മുൻ ഡയറക്‌ടർ ഋഷി കുമാർ ശുക്ള, റിട്ട. മേഘാലയ ഡിജിപി എൽആർ ബിഷ്‌ണോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
സമരത്തിനിടയിലെ പോലീസിന്റെ പെല്ലറ്റ് ആക്രമണം, ഇലക്‌ട്രിക് ബാറ്റൺ, കണ്ണീർവാതക പ്രയോഗം തുടങ്ങിയവയെ കുറിച്ചുള്ള ആരോപണങ്ങളും വസ്‌തുതകളും സമിതി പരിശോധിക്കും. പ്രതിഷേധത്തിനിടെ സ്‌ത്രീകൾക്കെതിരായ ആക്രമണവും പോലീസ് നിരീക്ഷണവും സമിതി പരിശോധനാ വിധേയമാക്കും. പോലീസ് നടപടിയിൽ പ്രതിഷേധക്കാർക്ക് ഏറ്റ ഗുരുതരമായ പരിക്കുകളെ കുറിച്ചും അന്വേഷിക്കും.
ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസ് ജോയ് മല്യ ബാഗ്‌ച്ചി, ജസ്‌റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് സമിതിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ജൂലൈ 20ന് കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിലെ നടപടികളെ നേരത്തെ പോലീസ് ന്യായീകരിച്ചിരുന്നു. വിദ്യാർഥികൾക്ക് അമിത ആരോപണമടക്കം പോലീസ് നിഷേധിച്ചിരുന്നു.
30,000ത്തിലധികം വരുന്ന പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്ത് ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിച്ചതുകൊണ്ടാണ് ഗ്രേഡഡ് ഫോഴ്‌സ് വേണ്ടിവന്നതെന്നാണ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ഡൽഹി പോലീസ് വ്യക്‌തമാക്കിയത്. പിന്നാലെയാണ് സുപ്രീം കോടതി ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ചത്.
Most Read| ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം





































