കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ നിർണായക ഇടപെടൽ നടത്തിയെന്ന വെളിപ്പെടുത്തലുമായി യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം കാണാനുള്ള നീക്കങ്ങളാണ് ഇന്ത്യ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യൻ നിർദ്ദേശം സമഗ്രം’ എന്നാണ് സിബിഹ പ്രതികരിച്ചത്.
കരിങ്കടൽ മേഖലയിലെ ഊർജ നിലയങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുന്നതിനും കാർഷിക വിതരണം സുരക്ഷിതമാക്കുന്നതിനുമായി ഇന്ത്യ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശം ഏറെ പ്രശംസനീയമാണെന്നും സിബിഹ വ്യക്‌തമാക്കി.
നിലവിൽ ചർച്ചയിലുള്ള നാല് രാജ്യങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളിൽ ഏറ്റവും സമഗ്രമായത് ഇന്ത്യയുടേതാണെന്നും ആദ്യമായാണ് ഇന്ത്യ സമാധാന ശ്രമങ്ങളിൽ സജീവമായ മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിക്കുന്നതെന്നും ആൻഡ്രി സിബിഹ സ്‌ഥിരീകരിച്ചു. അമേരിക്ക, തുർക്കി, ഈജിപ്‌ത് എന്നിവരാണ് നിർദ്ദേശങ്ങൾ സമർപ്പിച്ച മറ്റു മൂന്ന് രാജ്യങ്ങൾ.
രാജ്യങ്ങൾ നിർദ്ദേശിച്ച സമാധാന പദ്ധതികൾ ചർച്ചയിലാണ്. ഊർജ, അടിസ്‌ഥാന സൗകര്യങ്ങൾക്കും, തുറമുഖങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ പൂർണമായി നിർത്തിവെക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. കരിങ്കടലിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണവും കപ്പൽ ഗതാഗതവും പുനഃസ്‌ഥാപിക്കാൻ യുക്രൈൻ തയ്യാറാണെന്നും അതിനായി റഷ്യയും അനുകൂല നിലപാട് എടുക്കണമെന്നും യുക്രൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കഴിഞ്ഞമാസം കീവ് സന്ദർശിച്ചപ്പോൾ യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായും സിബിഹയുമായും ഉഭയകക്ഷി സഹകരണത്തെ കുറിച്ചും കരിങ്കടൽ സുരക്ഷയെ കുറിച്ചും വിശദമായ ചർച്ചകൾ നടത്തിയിരുന്നു.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി






































