തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ നിർണായക കണ്ടെത്തലുമായി അന്വേഷണ സംഘം. സ്പോൺസർ ആന്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് കണ്ടെത്തൽ.
രണ്ട് പ്രമുഖ ബാഹ്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായി 200 കോടിയിലധികം രൂപയാണ് സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഈ പണത്തിന്റെ കൃത്യമായ സ്രോതസ് വെളിപ്പെടുത്താൻ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സ്പോൺസർക്ക് നോട്ടീസ് നൽകും. മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് സ്പോൺസർ 126 കോടി രൂപ അടച്ച സമയത്താണ് പുറത്തുനിന്നുള്ള രണ്ട് അക്കൗണ്ടുകളിൽ നിന്നായി ഈ പണം ബാങ്കിൽ എത്തിയത്.
ഈ തുക അക്കൗണ്ടിൽ വന്നയുടൻ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ പണം വായ്പയായി ലഭിച്ചതാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് സാധൂകരിക്കുന്ന യാതൊരുവിധ രേഖകളും അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല.
മുൻപ് ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ മൽസരവും സ്റ്റേഡിയം വികസനവും നടത്തുന്നത് സ്വന്തം പണം ഉപയോഗിച്ചാണെന്നും ആരുടെയും പണം വാങ്ങിയിട്ടില്ലെന്നുമായിരുന്നു സ്പോൺസർ അവകാശപ്പെട്ടിരുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































