മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാത്തതിൽ മനംനൊന്ത് മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തിൽ ഗതാഗത കമ്മീഷണർ പ്രാഥമിക റിപ്പോർട് സർക്കാരിന് കൈമാറി. ഷൗക്കത്ത് വാഹനത്തിൽ രൂപമാറ്റം വരുത്തി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഇവ ഒഴിവാക്കാൻ നിർദ്ദേശിച്ചിട്ടും അതിന് തയ്യാറായില്ലെന്നും അതിനാലാണ് ഫിറ്റ്നസ് നൽകാതിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്താണ് ഇന്ന് രാവിലെ ജീവനൊടുക്കിയത്. മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്‌റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് യുവാവ് ആത്‍മഹത്യ ചെയ്‌തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹനവകുപ്പാണെന്നും ഫേസ്ബുക്ക് പോസ്‌റ്റിൽ പറഞ്ഞിരുന്നു.
പിന്നാലെയാണ് സംഭവത്തിൽ ഗതാഗത കമ്മീഷണറുടെ പ്രാഥമിക അന്വേഷണ റിപ്പോർട് പുറത്തുവന്നത്. 2021 ജൂൺ ഏഴിനാണ് ഷൗക്കത്ത് പുതിയ ഓട്ടോറിക്ഷ വാങ്ങിയത്. പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ രണ്ടുവർഷം ഫിറ്റ്നസ് പരിശോധന ആവശ്യമില്ല. തുടർന്ന് രണ്ടുവർഷത്തിന് ശേഷം 2023 ഓഗസ്‌റ്റ് 17ന് ആദ്യ പരിശോധന നടത്തി 2025 ഓഗസ്‌റ്റ് 16 വരെ സർട്ടിഫിക്കറ്റ് നൽകി.
പിന്നീട് രണ്ടാമത്തെ സർട്ടിഫിക്കറ്റിനയി 2025 നവംബർ ആറിന് അപേക്ഷ നൽകി. നവംബർ 11ന് കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടർ മുമ്പാകെ വാഹനം ഹാജരാക്കി. ഡ്രൈവർ സീറ്റിലെ ആം റെസ്‌റ്റുകൾ, കൂർത്ത മെറ്റൽ വീൽ കപ്പുകൾ, ഡ്രൈവർ ക്യാമ്പിന്റെ ഇരുവശങ്ങളിലും വെൽഡ് ചെയ്‌ത സ്‌റ്റീൽ റെയിലിങ്ങുകൾ തുടങ്ങിയവ നീക്കം ചെയ്യാൻ ഉദ്യോഗസ്‌ഥർ നിർദ്ദേശിച്ചു.
പിന്നീട് സ്‌റ്റീൽ റെയിലിങ്ങുകൾ ഒഴികെ ഉദ്യോഗസ്‌ഥർ നിർദ്ദേശിച്ച മറ്റു മാറ്റങ്ങളെല്ലാം വരുത്തിയാണ് അദ്ദേഹം വാഹനം ഹാജരാക്കിയത്. എന്നാൽ, റെയിലിങ്ങുകൾ കൂടി നീക്കം ചെയ്യാൻ ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുന്നത് ഷൗക്കത്ത് തന്നെ പകർത്തിയ ദൃശ്യങ്ങളിലുണ്ട്. പിന്നീട് സർട്ടിഫിക്കറ്റിനായി ഷൗക്കത്ത് വാഹനം കൊണ്ടുവന്നിട്ടില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഫിറ്റ്നസ് നിരസിച്ചത്തിൽ അഴിമതി ഉണ്ടെന്ന ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































