കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 600 കടന്നതായാണ് നേപ്പാൾ സർക്കാർ പുറത്തുവിട്ട വിവരം. 1924 പേരെ കാണാതായെന്നാണ് നേപ്പാൾ ദുരന്ത നിവാരണ വിഭാഗം നൽകുന്ന വിവരം.
ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 993 പേരെ കാണാതായി. 500ഓളം വിദേശ പൗരൻമാരും 320 ഇന്ത്യക്കാരും വിദേശ പൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു. മഹാപ്രളയത്തിൽ ഒലിച്ചുപോയ പ്രദേശങ്ങളിലെ കനത്ത മഴയും മറ്റൊരു ഹിമതടാകം പൊട്ടിയേക്കാമെന്ന് അഭ്യൂഹവുമെല്ലാം രക്ഷാപ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു.
മഴകാരണം പ്രദേശത്തെ ജലനിരപ്പ് ഉയരുന്നതും രക്ഷാപ്രവർത്തനത്തിന് തടസമായതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ) വിശദീകരിച്ചു. അതേസമയം, തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
അതിനിടെ ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും. അതേസമയം, പ്രളയത്തിൽ അകപ്പെട്ട 320 ഇന്ത്യക്കാരെ കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിനൊപ്പം 100 ഇന്ത്യൻ വംശജരെ കുറിച്ചും എട്ട് മലയാളികളെ കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇതുവരെ 84 ഇന്ത്യക്കാരെ മാത്രമാണ് കണ്ടെത്താനായതെന്നും 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം






































