കണ്ണൂർ സിപിഎമ്മിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ് ആരോപണം; കോളേജിന്റെ പേരിൽ പണപ്പിരിവ്

ഇരിട്ടിയിലെ നോർത്ത് എജ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ കോളേജ് നിർമാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് പരാതി. സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന തോമസ് ജോസഫ് അടക്കമുള്ള നിക്ഷേപകരാണ് തട്ടിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

By Senior Reporter, Malabar News
CPM

ഇരിട്ടി: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം. ഇരിട്ടിയിലെ നോർത്ത് എജ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ കോളേജ് നിർമാണത്തിനായി ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചുവെന്നാണ് പരാതി. ഇരിട്ടിയിലെ പ്രാദേശിക സിപിഎം നേതാക്കളാണ് ഈ സൊസൈറ്റിയുടെ ഭാരവാഹികൾ.

പാർട്ടിയിലെ തന്നെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തന്നെയാണ് ഇപ്പോൾ തെളിവുകൾ സഹിതം പാർട്ടിക്കെതിരെ രംഗത്തെത്തിയത്. 2015ലാണ് സിപിഎം നേതാക്കൾ ചേർന്ന് നോർത്ത് മലബാർ എജ്യുക്കേഷൻ സൊസൈറ്റി രൂപീകരിക്കുന്നത്. മലയോര മേഖലയിൽ ഒരു സ്വാശ്രയ സെൽഫ് ഫിനാൻസിങ് കോളേജ് നിർമിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം.

കോളേജ് സ്‌ഥാപിക്കാമെന്ന വാഗ്‌ദാനത്തിൽ വലിയ തോതിൽ ഓഹരി പിരിവ് നടത്തി. ഒരുലക്ഷം, 50,000, 25,000 രൂപ മുതൽ സാധാരണക്കാരായ പാർട്ടി പ്രവർത്തകരിൽ നിന്ന് 1000 രൂപ വരെയുള്ള ഷെയറുകൾ വാങ്ങി. ലഭ്യമായ വിവരങ്ങൾ പ്രകാരം ആറായിരത്തിലധികം രസീതുകളിലായി വൻതുക നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്.

2017ൽ ഇരിട്ടിയിൽ സൊസൈറ്റിയുടെ വർണാഭമായ ഉൽഘാടനം നടന്നെങ്കിലും പിന്നീട് കോളേജ് സ്‌ഥാപിക്കാനുള്ള തുടർപ്രവർത്തനങ്ങൾ ഒന്നുതന്നെ ഉണ്ടായില്ല. 2015ൽ തുടങ്ങിയ കോളേജിന്റെ പ്രവർത്തനം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. ഇതോടെയാണ് നിക്ഷേപകരായ പാർട്ടി പ്രവർത്തകർ രംഗത്തെത്തിയത്. ഒന്നുകിൽ കോളേജ് പ്രവർത്തനം ആരംഭിച്ചതായി കാണിക്കണമെന്നും അല്ലെങ്കിൽ തങ്ങളുടെ പണം തിരികെ നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.

സിപിഎമ്മിന്റെ മുൻ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന തോമസ് ജോസഫ് അടക്കമുള്ള നിക്ഷേപകരാണ് തട്ടിപ്പിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തട്ടിപ്പിനിരയായ ആറായിരത്തിലധികം ആളുകൾ ഒപ്പിട്ട വിശദമായ പരാതി, ലഭിച്ച ഓഹരി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അടക്കമുള്ള തെളിവുകൾ സഹിതം സിപിഎം പാർട്ടി നേത്യത്വത്തിന് കൈമാറിയിട്ടുണ്ട്.

അതേസമയം, നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം എങ്ങും പോയിട്ടില്ലെന്നാണ് സിപിഎം നേതൃത്വം നൽകുന്ന വിശദീകരണം. ജനങ്ങളിൽ നിന്ന് പിരിച്ച പണത്തിന് തുല്യമായ അല്ലെങ്കിൽ അതിനേക്കാൾ ഉയർന്ന മൂല്യമുള്ള ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നാണ് നേതൃത്വത്തിന്റെ വാദം. എന്നാൽ, ഈ ഭൂമി എവിടെയെന്നതിന് കൃത്യമായ രേഖകൾ നിക്ഷേപകർക്ക് മുന്നിൽ വെക്കാനും മറുപടി പറയാനും സിപിഎമ്മിന് ബാധ്യതയുണ്ടെന്ന് നിക്ഷേപകർ പറയുന്നു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE