തിരുവനന്തപുരം: കോട്ടയത്ത് ബാറുടമകളിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിന് പിന്നാലെ കൂടുതൽ ബാറുകളിൽ പരിശോധന നടത്താൻ എക്‌സൈസ് മന്ത്രിയുടെ നിർദ്ദേശം. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അശോക് കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും. അഴിമതിക്കാരായ മുഴുവൻ ഉദ്യോഗസ്‌ഥരെയും മാറ്റും.
കോട്ടയം ജില്ലയിലെ ബാറുകളിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ മാസംതോറും കൈക്കൂലി വാങ്ങിയ കേസിൽ നിർണായക വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എക്‌സൈസ് കമ്മീഷണർ അശോക് കുമാർ പിടിയിലായതിന് പിന്നാലെയാണ് വിവരങ്ങൾ പുറത്തുവന്നത്. അശോക് കുമാറിന് ലക്ഷങ്ങളാണ് ബാറുടമകളിൽ നിന്ന് കൈക്കൂലിയായി ലഭിച്ചത്.
ഒരു ബാറിൽ നിന്ന് പ്രതിദിനം 15,000 രൂപവരെ ലഭിച്ചു. എക്‌സൈസ് ചങ്ങനാശേരി റേഞ്ചിലെ ഉദ്യോഗസ്‌ഥർക്കും പങ്കുള്ളതായി തെളിവ് ലഭിച്ചു. ഉദ്യോഗസ്‌ഥർക്ക് വേണ്ടി മാസംതോറും പണപ്പിരിവ് നടത്തുന്നത് ചങ്ങനാശേരിയിലെ ബാറുടമയാണെന്നും കണ്ടെത്തി. പണം ഇടപാടിന്റെ വിവരങ്ങൾ ബാറുടമയിൽ നിന്ന് എക്‌സൈസിന് ലഭിച്ചിട്ടുണ്ട്.
എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക് പാരിതോഷികമായി മദ്യവും ബാറുടമകൾ നൽകുന്നുണ്ട്. പണത്തിന് പുറമെയാണ് മദ്യവും നൽകുന്നത്. ഈ ഉദ്യോഗസ്‌ഥർ ബാറുകളിലെ സന്ദർശകരാണ്. ഉദ്യോഗസ്‌ഥർ ബാറുകളിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































