മുല്ലപ്പെരിയാറിലെ ആദ്യഘട്ട പരിശോധന പൂർത്തിയായി; വിയോജിപ്പ് അറിയിച്ച് കേരളം

സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെയുള്ള പരിശോധന ശരിയല്ലെന്ന നിലപാടിലാണ് സംസ്‌ഥാനം.

By Senior Reporter, Malabar News
All Shutters Closed In Mullapperiyar Dam

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. പ്രധാന ഡാം, ബേബി ഡാം, ഗാലറി തുടങ്ങിയ ഭാഗങ്ങളിലായിരുന്നു ആദ്യദിന പരിശോധന. ഇന്നും നാളെയും അണക്കെട്ടിനെക്കുറിച്ചുള്ള കേരള, തമിഴ്‌നാട് സംസ്‌ഥാനങ്ങളുടെ ആശങ്കകളും ആവശ്യങ്ങളും വിദഗ്‌ധ പാനൽ വിലയിരുത്തി റിപ്പോർട് തയ്യാറാക്കും.

വാദങ്ങൾ പരിഗണിച്ച് ആവശ്യമെങ്കിൽ വീണ്ടും പരിശോധന നടത്തും. 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് റിപ്പോർട് സമർപ്പിക്കുമെന്ന് അഞ്ചംഗ വിദഗ്‌ധ പാനൽ വ്യക്‌തമാക്കി. അതേസമയം, രണ്ട് ദിവസവും അണക്കെട്ടിന്റെ സമഗ്രമായ പരിശോധന നടത്തണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികൾ വ്യക്‌തമാക്കി.

അല്ലാത്തപക്ഷം സുപ്രീം കോടതിയെ സമീപിക്കാനാണ് സംസ്‌ഥാനത്തിന്റെ നീക്കം. നിലവിലെ പരിശോധനയിൽ കേരള പ്രതിനിധികൾ ഇതിനോടകം വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെയുള്ള പരിശോധന ശരിയല്ലെന്ന നിലപാടിലാണ് സംസ്‌ഥാനം.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ ഘടനാപരമായ പരിശോധന, ഹൈഡ്രോളിക് സുരക്ഷ, ഭൂകമ്പത്തെ അതിജീവിക്കാനുള്ള അണക്കെട്ടിന്റെ ക്ഷമത തുടങ്ങിയ കാര്യങ്ങളിൽ വിദഗ്‌ധ പാനൽ സാങ്കേതികപരമായ യാതൊരു പരിശോധനയ്‌ക്കും മുതിരാത്തത് സംസ്‌ഥാനത്തിന്റെ പ്രതിനിധികൾ പ്രധാനമായും ഇന്നത്തെ യോഗത്തിൽ ഉന്നയിക്കും.

റിക്‌ടർ സ്‌കെയിലിൽ 5.5 രേഖപ്പെടുത്തുന്ന ഭൂചലനം ഉണ്ടായാൽ അണക്കെട്ടിന് ഭീഷണിയെന്നാണ് പഠനങ്ങൾ പരാമർശിക്കുന്നത്. സാങ്കേതികമായ പരിശോധന നടത്താതെ ഈ ആശങ്ക ഒഴിവാക്കാൻ സാധിക്കില്ല. അതിനാൽ ഭൂകമ്പത്തെ അതിജീവിക്കാനുള്ള കരുത്ത് അണക്കെട്ടിന് ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.

കൂടാതെ, മേഘവിസ്‌ഫോടനവും അതിതീവ്ര മഴയും കാരണം ഡാം പെട്ടെന്ന് നിറയുകയും അണക്കെട്ട് കവിഞ്ഞ് ആറുമണിക്കൂറോളം ജലമൊഴുകുകയും ചെയ്‌താൽ ഡാമിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഡെൽഹി ഐഐടി പഠനം നടത്തിയിട്ടുണ്ട്. ഇത് നൂറ്റാണ്ടിലധികം പഴക്കമുള്ള അണക്കെട്ടിന്റെ കാര്യത്തിൽ തള്ളിക്കളയാനാവില്ലെന്നാണ് കേരളത്തിന്റെ വാദം.

ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സിഎംഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സംഘത്തിൽ ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധിയായിട്ടുള്ളത്. ഗോപാൽ ധവാൻ, എംഎൽ ശർമ്മ, ഗുൽഷൻ രാജ് എന്നിവരാണ് മറ്റു അംഗങ്ങൾ. മൂന്നുദിവസം കുമളിയിൽ തങ്ങുന്ന സംഘം, പരിശോധനയ്‌ക്ക് ശേഷം യോഗം ചേരും. ഈ മാസം അവസാനം ഡെൽഹിയിൽ ഉന്നതതല യോഗവും ചേരുന്നുണ്ട്.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE