കാഠ്മണ്ഡു: നേപ്പാൾ മിന്നൽപ്രളയത്തിൽ ത്രിശൂലി 3എ വൈദ്യുതി നിലയത്തിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷാപ്രവർത്തകർ ജീവനോടെ രക്ഷപ്പെടുത്തി. ഒമ്പത് ദിവസങ്ങൾക്ക് ശേഷമാണ് ഈ സന്തോഷ വാർത്ത. തുരങ്കത്തിൽ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെയാണ് രക്ഷാപ്രവർത്തകർ ദൗത്യം വേഗത്തിലാക്കിയത്.
വൈദ്യുത നിലയത്തിൽ കുടുങ്ങിയ തൊഴിലാളികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. തുരങ്കത്തിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന വിവരം രക്ഷാപ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച നേപ്പാൾ-ചൈന അതിർത്തിക്ക് അടുത്തുണ്ടായ മിന്നൽ പ്രളയത്തിൽ 1259 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അയ്യായിരത്തിലധികം ആളുകൾ ഇപ്പോഴും കാണാമറയത്താണ്. ചൈനീസ് അതിർത്തിയുടെ ടിബറ്റ് ഭാഗത്ത് 21 പേർ കൊല്ലപ്പെടുകയും 541 പേരെ കാണാതാവുകയും ചെയ്തതായി ചൈനയും അറിയിച്ചിട്ടുണ്ട്.
നേപ്പാളിലെ 12 ജലവൈദ്യുത നിലയങ്ങളിൽ ഏകദേശം 900 തൊഴിലാളികളെ കാണാതായിട്ടുണ്ട്. ഇതിൽ 500ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് കരുതുന്നത്. തുരങ്കത്തിനുള്ളിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാനും തൊഴിലാളികളുമായി ആശയവിനിമയം സ്ഥാപിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചതാണ് ത്രിശൂലിയിലെ രക്ഷാദൗത്യത്തിലെ നിർണായക വഴിത്തിരിവായത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































