തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കിരീടം ചൂടി തൃശൂർ ടൈറ്റൻസ്. കലാശപ്പോരാട്ടത്തിൽ കാലിക്കറ്റ് ഗ്‌ളോബ്‌സ്‌റ്റാർസിനെ നാലുവിക്കറ്റിന് തകർത്താണ് കെസിഎൽ മൂന്നാം സീസണിൽ തൃശൂർ ചാമ്പ്യൻമാരായത്. തൃശൂരിന്റെ ആദ്യ കെസിഎൽ കിരീടമാണിത്.
കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം മൂന്ന് പന്തുകൾ ബാക്കി നിൽക്കെ മറികടന്നാണ് തൃശൂർ കപ്പുയർത്തിയത്. അഹ്‌മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ എംഎസ് അഖിലിന്റെ പ്രകടനവുമാണ് തൃശൂരിനെ വിജയകിരീടം ചൂടിച്ചത്.
അഹ്‌മദ് ഇമ്രാനാണ് പ്ളെയർ ഓഫ് ദ് മാച്ച്. ആലപ്പി റിപ്പിൾസിന്റെ മൊഹമ്മദ് അസറുദ്ദീൻ പ്ളെയർ ഓഫ് ദ് ടൂർണമെന്റായും തിരഞ്ഞെടുക്കപ്പെട്ടു. സ്‌കോർ: കാലിക്കറ്റ് 167/9, തൃശൂർ: 169/6. 49 പന്തിൽ 69 റൺസെടുത്ത അഹ്‌മദ് ഇമ്രാനാണ് തൃശൂരിന്റെ ടോപ് സ്‌കോറർ. ഫൈനലിൽ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പതിവുപോലെ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ രോഹൻ, ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറിൽ ഒരു സിക്‌സും രണ്ട് ഫോറുമടക്കം 15 റൺസ് വാരിക്കൂട്ടി. എന്നാൽ, അടുത്ത ഓവറിൽ രണ്ട് റൺസെടുത്ത അരുൺ നായനാരെ പുറത്താക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേൽപ്പിച്ചു. രോഹൻ കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളിൽ നിന്ന് 21 റൺസായിരുന്നു രോഹൻ നേടിയത്.
തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച അഖിൽ സ്‌കറിയയും അശ്വിൻ ആനന്ദും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് മുതൽക്കൂട്ടായി. ഇരുവരും ചേർന്ന് 49 പന്തുകളിൽ 73 റൺസ് കൂട്ടിച്ചേർത്തു. 45 റൺസെടുത്ത അഖിൽ സ്‌കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറിൽ 40 റൺസെടുത്ത അശ്വിൻ ആനന്ദും മടങ്ങുമ്പോൾ നാല് വിക്കറ്റിന് 144 റൺസെന്ന നിലയിലായിരുന്നു കാലിക്കറ്റ്. എന്നാൽ, തുടർന്ന് കണ്ടത് തൃശൂരിന്റെ ശക്‌തമായ തിരിച്ചുവരവാണ്. പിന്നാലെയാണ് കിരീടനേട്ടം.
കലാശപ്പോരിന് കാര്യവട്ടം ഗ്രീൻഫീൽസ് സ്‌റ്റേഡിയത്തിൽ ഒഴുകിയെത്തിയത് ഇരുപതിനായിരത്തിൽ അധികം കാണികളാണ്. ആദ്യ പതിപ്പ് മുതൽ തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിരുന്നു. മൂന്നാം സീസണിന്റെ ഫൈനൽ ദിവസം സ്‌റ്റേഡിയം ആരാധകരെകൊണ്ട് തിങ്ങിനിറഞ്ഞത് സംഘാടകരെ ഏറെ ആവേശത്തിലാഴ്‌ത്തിയിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































