
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്‌റ്റൽ കെട്ടിടം തകർന്നുവീണ് മൂന്നുമരണം. ഇതുവരെ 25 പേരെ രക്ഷപ്പെടുത്തി. ഇനിയും ഇരുപതോളം പേരെ കണ്ടെത്താനുണ്ട്. പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഡെൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡെൽഹി സർവകലാശാല സൗത്ത് ക്യാമ്പസ് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സത്യനികേതനിൽ ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് അഞ്ചുനില കെട്ടിടം തകർന്നുവീണത്. ആൺകുട്ടികൾക്കായുള്ള ‘ഹോസ്‌റ്റൽ ഡെയ്‌സ്’ എന്ന പിജിയാണ് തകർന്നുവീണത്. ഇതിനോട് ചേർന്നുള്ള മറ്റൊരു കെട്ടിടവും തകർന്നിട്ടുണ്ട്.
അവധി ദിനമായതിനാൽ ഹോസ്‌റ്റലിൽ പതിവിലും കൂടുതൽ താമസക്കാർ ഉണ്ടായിരുന്നു. മോത്തിലാൽ നെഹ്‌റു കോളേജിൽ പഠിക്കുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഏറെയും. തകർന്ന കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥികൾ ഫോൺ വിളിച്ച് തങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞതായി പ്രദേശവാസികൾ പറയുന്നു.
ഫയർഫോഴ്‌സിന്റെ 12 യൂണിറ്റ് സ്‌ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയാണ്. കേന്ദ്ര ദ്രുതകർമ സേന ഉൾപ്പടെ സ്‌ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കെട്ടിട ഉടമയ്‌ക്കെതിരെ കേസെടുത്തു. നോയിഡ സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ളതാണ് കെട്ടിടം.
Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം


































