ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ പുതിയ നീക്കവുമായി ഇറാൻ. ഹോർമുസിന് സമീപം പുതിയ ‘വിലക്ക് മേഖല’ (എക്‌സ്‌ക്ളൂഷൻ സോൺ) ഏർപ്പെടുത്താനാണ് ഇറാൻ ഒരുങ്ങുന്നത്. ഹോർമുസിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ തിരിച്ചറിഞ്ഞ് ഉപരോധം ഏർപ്പെടുത്തുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ തലവനായി ചുമതലയേറ്റ മൊഹ്‌സെൻ റെസായ്യാണ് ഇറാൻ സ്‌റ്റേറ്റ് ടെലിവിഷനിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചത്. പുതിയ മേഖലയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ നാവികസേനയുടെ ഉപരോധ അതിർത്തിയിൽ നിന്ന് തുടങ്ങി ഹോർമുസ് കടലിടുക്കിലേക്കും അവിടെനിന്ന് പേർഷ്യൻ ഉൾക്കടലിലേക്കും നീളുന്നതായിരിക്കും നിർദിഷ്‌ട നിയന്ത്രണ മേഖലയെന്ന് റെസായ്യ് വ്യക്‌തമാക്കി. ഹോർമുസ് കടലിടുക്ക് കടന്നുപോകാൻ ലക്ഷ്യമിട്ട് ഈ മേഖലയിൽ പ്രവേശിക്കുന്ന ഏത് കപ്പലിനെയും തിരിച്ചറിഞ്ഞാൽ ഉടൻ അവയെ ഞങ്ങളുടെ ഉപരോധപ്പട്ടികയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള സാമ്പത്തിക-സൈനിക സംഘർഷം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പ്രഖ്യാപനം. ഇതിനിടെ ഇറാനുമായി ബന്ധമുള്ള രണ്ട് എണ്ണക്കപ്പലുകൾ തങ്ങൾ പൂർണമായും പ്രവർത്തനരഹിതമാക്കിയെന്ന് ഗൾഫ് ഓഫ് ഒമാനിൽ മറ്റൊരു കപ്പൽ തകർത്തെന്നും യുഎസ് സൈന്യം അറിയിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































