കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൈപ്രൊഫൈൽ മണ്ഡലമായ നന്ദിഗ്രാമിൽ നാടകീയ രംഗങ്ങൾ. സ്വന്തം സ്‌ഥാനാർഥി പിൻവാങ്ങിയതിന് പിന്നാലെ മമത ബാനർജി പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്‌ഥാനാർഥി അറസ്‌റ്റിലായി. മിലൻ പ്രധാൻ ആണ് അറസ്‌റ്റിലായത്. പഴയ ഒരു കൊലപാതക കേസിലാണ് അറസ്‌റ്റ്.
മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്‌നവും പേരും തുടർന്ന് സ്‌ഥാനാർഥിയെയും നഷ്‌ടമായതിന് പിന്നാലെയാണിപ്പോൾ പിന്തുണയ്‌ക്കുന്ന സ്‌ഥാനാർഥിയുടെ അറസ്‌റ്റും ഉണ്ടായിരിക്കുന്നത്. 24 മണിക്കൂറിനുള്ളിലാണ് ഈ നാടകീയ സംഭവങ്ങളെല്ലാം നടന്നത്.
മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മമത നിർത്തിയ സ്‌ഥാനാർഥി സഞ്‌ജിത പ്രധാൻ നാമനിർദ്ദേശ പത്രിക പിൻവലിച്ചത്. പിന്നാലെ മമത കോൺഗ്രസ് സ്‌ഥാനാർഥിയായ മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു. മണിക്കൂറുകൾക്കുള്ളിൽ ഇയാൾ അറസ്‌റ്റിലായി.
2007ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിനിടയിലെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് പ്രധാൻ അറസ്‌റ്റിലായത്. 2007ൽ നന്ദിഗ്രാമിൽ നടന്ന ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭം മമത ബാനർജിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ നിർണായക പോരാട്ടങ്ങളിലൊന്നാണ്. പശ്‌ചിമ ബംഗാൾ 34 വർഷം ഭരിച്ച സിപിഎമ്മിനെ താഴെയിറക്കിയത് മമത ഈ പ്രക്ഷോഭത്തിലൂടെയാണ്.
പശ്‌ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് മമത ബാനർജി തിരിച്ചടികൾ ഓരോന്നായി നേരിട്ടത്. പാർട്ടിയുടെ എംഎൽഎമാരും എംപിമാരും കൂട്ടത്തോടെ കൊഴിഞ്ഞുപോയി. പിന്നാലെ പേരും ചിഹ്‌നവും നഷ്‌ടമായി. ഉപതിരഞ്ഞെടുപ്പിൽ നിർത്തിയ സ്‌ഥാനാർഥിയെയും നഷ്‌ടമായി. തുടർന്നാണ് മമത കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബംഗാളിൽ മമതയുടെ പാർട്ടി കോൺഗ്രസിന് പിന്തുണയ്‌ക്കുന്നത് അപൂർവ സംഭവമാണ്.
Most Read| പ്രത്യേക നിയമപരിരക്ഷയില്ല; പിഎസ്‌സി അംഗങ്ങൾ ചോദ്യം ചെയ്യലിന് ഹാജരാകണം




































