കൊച്ചി: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പിന്റെ ആദ്യ കുറ്റപത്രം മടക്കിയ സംഭവത്തിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകി. വനംവകുപ്പ് മന്ത്രി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി.
ഫയലുകൾ കോടതിയിൽ എത്തിക്കുന്നതിലും നിർദ്ദേശങ്ങൾ കൃത്യമായി അറിയിക്കുന്നതിലും വീഴ്‌ചയുണ്ടായെന്നാണ് വകുപ്പുതല റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നത്. അഞ്ചുവർഷവും ഏഴ് മാസത്തിനും ശേഷമാണ് കേസിൽ കൃത്യമായ കുറ്റപത്രം സമർപ്പിച്ച ഘട്ടത്തിൽ കോടതി അത് മടക്കുകയും ക്ളറിക്കൽ വീഴ്‌ചകളും കാലതാമസവും ചൂണ്ടിക്കാണിക്കുകയും ചെയ്‌തിരുന്നു.
തുടർന്ന് കുറ്റപത്രം മടക്കിയതുമായി ബന്ധപ്പെട്ട് മന്ത്രി അന്ന് തന്റെ വിശദീകരണം തേടുകയും നോർത്ത് എൻസിസിഎഫുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ബീറ്റ് ഫോറസ്‌റ്റ് ഓഫീസർമാർക്ക് മെമ്മോ നൽകിയിരിക്കുന്നത്.
2020 ഒക്‌ടോബറിലെ വിവാദ റവന്യൂ ഉത്തരവിനെ തുടർന്നാണ് മുട്ടിൽ ഉൾപ്പടെ കേരളത്തിലെ വനഭൂമിയിൽ നിന്ന് വ്യാപകമായി സംരക്ഷിത വൃക്ഷമായ തേക്കും ഈട്ടിയും വെട്ടിയിറക്കിയത്. വയനാട് മേപ്പാടി റേഞ്ചിലെ 14 കോടിയുടെ മരം വെട്ടിക്കടത്തിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമകളായ അഗസ്‌റ്റിൻ സഹോദരങ്ങളാണ് പ്രധാന പ്രതികൾ.
അതേസമയം, മുഖ്യമന്ത്രിക്കെതിരായ അപകീർത്തി പരാമർശ കേസിൽ ആന്റോ അഗസ്‌റ്റിന് കളമശ്ശേരി പോലീസ് വീണ്ടും നോട്ടീസയച്ചു. വരുന്ന മൂന്നാം തീയതിക്കകം സ്‌റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. തിങ്കളാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും, സാവകാശം തേടി ആന്റോ കത്തയക്കുകയായിരുന്നു. പിന്നാലെയാണ് വീണ്ടും നോട്ടീസ് നൽകിയത്.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി






































