പാലക്കാട്: ജില്ലാ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് നീക്കിയ ഇഎൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ അച്ചടക്ക നടപടികളെടുക്കാൻ സിപിഎം. സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ലാ കമ്മറ്റികൾക്ക് ശേഷം വരുന്ന സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക.
ഡിജിറ്റൽ തെളിവുകൾ സഹിതം അഭിഭാഷക നൽകിയ പരാതിയിൽ സുരേഷ് ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉള്ളതായി പാർട്ടി വിലയിരുത്തുന്നു. സംസ്‌ഥാന നേതൃത്വത്തിന് പരാതി നൽകിയതിന് പുറമെ സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിൽക്കണ്ടും യുവതി പരാതി നൽകിയിട്ടുണ്ട്. പാർട്ടി നടപടി എടുത്തില്ലെങ്കിൽ പരാതിയുമായി മുന്നോട്ടുപോകുമെന്നും യുവതി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
സംഘടനാ പരിപാടിക്ക് എത്തിയപ്പോൾ പാർട്ടി ഓഫീസിൽ വെച്ച് സുരേഷ് ബാബുവിന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നാണ് യുവതിയുടെ പരാതി. ഒരുവർഷമായി ഫോണിലും ശല്യപ്പെടുത്തിയതായും യുവതി പരാതിപ്പെട്ടു. ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് ഇഎൻ സുരേഷ് ബാബുവിനെ മാറ്റി പുതിയ ജില്ലാ സെക്രട്ടറിയായി മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ നിയമിച്ചത്.
സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് സുരേഷ് ബാബുവിനെ നീക്കിയതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേൾപ്പിക്കുകയായിരുന്നു. തുടർന്നാണ്, സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറിനിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം





































