ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സമരം രാജ്ഘട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കൂട്ടായ്മയുടെ ലക്ഷ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ രാജ്ഘട്ടിലേക്ക് പോകും.
‘രാജിവെക്കും വരെ വിടില്ല’ എന്നാണ് കെസി വേണുഗോപാൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പടെയുള്ളവർ ഡെൽഹി കോണാട്ട് പ്ളേസിൽ നിന്ന് രാജ്ഘട്ടിലേക്കുള്ള ബസിൽ കയറി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.
മമത ബാനർജിയും ഇന്ത്യ സഖ്യത്തിന് പിന്തുണയുമായി ഡെൽഹിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, കോണാട്ട് പ്ളേസിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ പോലീസ് ബാരിക്കേഡ് നിരത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ രാജ്ഘട്ടിലേക്ക് പ്രതിഷേധവുമായി നീങ്ങുന്നുണ്ട്. രാഷ്ട്രപതിയെ കാണാനുള്ള നീക്കവും ഇന്ത്യ സഖ്യം നടത്തുന്നുണ്ടെന്നാണ് വിവരം.
ബുധനാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ജന്തർ മന്തറിലേക്ക് എത്തുന്നതിന് മുൻപ് പോലീസ് തടഞ്ഞിരുന്നു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉൾപ്പടെയുള്ള നേതാക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Most Read| ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി



































