തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ നടപടിയുമായി സംസ്ഥാന സർക്കാർ. കേസിൽ പ്രതിചേർക്കപ്പെട്ട പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിന്റെ ആനുകൂല്യം തടയുകയും ചെയ്തു.
കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രതി ചേർത്തതിന് പിന്നാലെയാണ് നടപടി. പിഎസ്സി ആഭ്യന്തര വിജിലൻസും ഇരുവരുടെയും വീഴ്ചകൾ കണ്ടെത്തിയിരുന്നു. ബോധപൂർവമായ വീഴ്ചയാണോ മാനുഷിക പിഴവാണോ ഉദ്യോഗസ്ഥർക്ക് സംഭവിച്ചതെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി അംഗങ്ങളെ ഇന്ന് എസ്ഐടി ചോദ്യം ചെയ്തിരുന്നു.
എസ് ശ്രീകുമാർ, സെയ്ഫ്, സ്റ്റാലി തോമസ് എന്നിവരാണ് ഇന്ന് ഹാജരായത്. എസ്ഐടി തലവൻ അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്. നാളെയും രണ്ട് അംഗങ്ങളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പിഎസ്സി ചെയർമാൻ ഡോ. എംആർ ബൈജുവിനോട് ബുധനാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബൈജുവിന് നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്ന് പിഎസ്സി അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിനെതിരെ പിഎസ്സി ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഹരജി കോടതി തള്ളിയിരുന്നു. അന്വേഷണം മുന്നോട്ടുപോകാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിക്കും ചെയ്തിരുന്നു.
അതേസമയം, പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ ശുപാർശയിൽ ഉടനടി നടപടികളൊന്നും വേണ്ടെന്ന് പിഎസ്സി യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രപതി സ്വീകരിക്കുന്ന നിലപാട് അറിഞ്ഞതിന് ശേഷം മാത്രം ചർച്ച മതിയെന്നാണ് തീരുമാനം.
Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!




































