കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പോലീസിന് വീഴ്‌ച പറ്റിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസിൽ 17 കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചതിൽ പോലീസിന് വീഴ്‌ച ഉണ്ടായെന്ന് തുറന്നുപറയാൻ മടിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ഒരാൾ അപകടത്തിൽ മരിച്ച് ശവദാഹം നടക്കുന്നതിന് മുൻപ് പ്രതിക്ക് ജാമ്യം അനുവദിച്ചത് അപലപനീയമാണ്. ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾത്തന്നെ ഡിജിപിയോട് ചോദിച്ചു. പോലീസിന്റെ തെറ്റുകളെ കണ്ണടച്ച് ന്യായീകരിക്കേണ്ട ഒരു ബാധ്യതയും സർക്കാരിനില്ല. ജഡ്‌ജിയുടെ മകനല്ല, ആരുടെ മകനാണെങ്കിലും നിയമം ഒരുപോലെയാണെന്നും ചെന്നിത്തല പറഞ്ഞു.
എഡിജിപി പി. വിജയനോട് ഇന്ന് സ്‌ഥലം സന്ദർശിക്കാൻ നിർദ്ദേശം നൽകി. മരിച്ചയാളുടെ കുടുംബം ഉന്നയിച്ചത് മൂന്ന് ആവശ്യങ്ങളാണ്. അപകട ദൃശ്യങ്ങൾ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്‌ത പോലീസ് ഉദ്യോഗസ്‌ഥൻ, ആവശ്യമായ വകുപ്പുകൾ ചുമത്താതിരുന്ന ഉദ്യോഗസ്‌ഥർ എന്നിവർക്കെതിരെ നടപടിയുണ്ടാകും. പ്രതിക്ക് ഒരുകാരണവശാലും കോടതി ജാമ്യം അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
മേൽക്കോടതിയിൽ ജാമ്യം റദ്ദാക്കാൻ അപ്പീൽ കൊടുക്കാൻ പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ജഡ്‌ജിയുടെ പേരിൽ നടപടി എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അത് സർക്കാരിന് കഴിയില്ല. എന്നാൽ, വാഹനമോടിച്ചാൽ പ്രായപൂർത്തിയാകാത്ത ആളായതിനാൽ ഉടമയായ ജഡ്‌ജിയുടെ പേരിൽ കേസെടുത്തു. ആ വിവരം ഹൈക്കോടതി രജിസ്‌ട്രാറെ അറിയിച്ചിട്ടുണ്ട്. ഇനി നടപടി സ്വീകരിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്





































