കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യർഥികൾക്ക് തിരിച്ചടി. പത്ത് വിദ്യാർഥികൾക്ക് നാളെ മുതൽ തുടങ്ങുന്ന പരീക്ഷ എഴുതാനാകില്ല. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് വിധി ചട്ടവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു.
വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനെതിരെ സർവകലാശാല വൈസ് ചാൻസലറാണ് അപ്പീൽ നൽകിയത്. കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്‌തതിന്റെ പേരിൽ 60 ദിവസത്തിലധികമായി സസ്‌പെൻഷനിൽ തുടരുന്നത്. ഓഗസ്‌റ്റ് 13ന് നടത്തിയ സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്.
വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്‌തു എന്നതടക്കമുള്ളതാണ് വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടിയിലേക്ക് നയിച്ചത്. സസ്‌പെൻഡ് ചെയ്‌ത വിദ്യാർഥികളെ പരീക്ഷ എഴുതുപ്പിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർവകലാശാല ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.
പരീക്ഷ എഴുതിച്ച ആവശ്യമായ ഹാജർ വിദ്യാർഥികൾക്ക് ഇല്ലെന്നാണ് സർവകലാശാല കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്. അതിനിടെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു. സസ്‌പെൻഷനിലുള്ള 16 പേരിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് നേരത്തെ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.
മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ, മാപ്പപേക്ഷ നൽകില്ലെന്ന് സസ്‌പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. സമരം തുടരുമെന്നും ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സമരത്തിലുള്ള എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു. സസ്‌പെൻഷനിൽ ഉള്ളവർ പത്തുപേർ പിഎച്ച്ഡി ഗവേഷകരാണ്. ആറുപേർക്കാണ് നാളെ പരീക്ഷ തുടങ്ങുന്നത്.
Most Read| ഒമാൻ തീരത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു





































