തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിന് കാരണം നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ളോറേഡ് വ്യാപകമായി വെടിമരുന്ന് നിർമാണത്തിൽ ഉപയോഗിച്ചത് മൂലമെന്ന് കണ്ടെത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ റിട്ട. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
അനുവദിച്ചതിലും വളരെക്കൂടുതൽ അളവിൽ സ്ഫോടക വസ്തു ഇവിടെ സൂക്ഷിച്ചിരുന്നതായും കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്ഫോടക വസ്തുക്കൾ ശേഖരിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, വെടിക്കെട്ടിന് കരാർ എടുത്തിരുന്നവർ 7000 കിലോ സ്ഫോടക വസ്തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു.
നിരോധിത സ്ഫോടക വസ്തുവായ പൊട്ടാസ്യം ക്ളോറേഡ് വ്യാപകമായി വെടിമരുന്ന് നിർമാണത്തിൽ ഉപയോഗിച്ചു. ചൂടുകൂടിയ കാലാവസ്ഥയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ സംഘർഷമാണ് തീപിടിത്തത്തിലേക്കും സ്ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
2026 ഏപ്രിൽ 21നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്നു മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയിൽ വൻ സ്ഫോടനമുണ്ടായത്. 16 പേരാണ് ദുരന്തത്തിൽ മരിച്ചത്. 40 പേർക്ക് പരിക്കേറ്റിരുന്നു.
Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം





































