കൊല്ലം: ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം. കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്തും വസ്ത്രം ഊരി വടികൊണ്ട് ക്രൂരമായി തല്ലിച്ചതച്ചുമാണ് ക്രൂരത. ചടയമംഗലം കുരിയോട് ഇന്നലെ രാത്രിയാണ് സംഭവം. കുട്ടിയുടെ രണ്ടാനച്ഛൻ രാജേഷ് അറസ്റ്റിലായി.
കൊല്ലം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പൂയപ്പള്ളിയിലെ വീട്ടിൽ നിന്നാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ കുട്ടിയെ മർദ്ദിച്ചത്. രാജേഷ് മുറിയിലുണ്ടായിരുന്ന കുട്ടിയെ വസ്ത്രത്തിൽ പിടിച്ചു തൂക്കിയെടുത്ത് ഹാളിൽ എത്തിക്കുകയും, തുടർന്ന് വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയും ആയിരുന്നു.
കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും ചടയംമംഗലം പോലീസ് അന്വേഷണം ആരംഭിച്ചതും. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും അമ്മ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതിയെ എത്രയുംവേഗം അറസ്റ്റ് ചെയ്യാനും കർശന നിയമ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. റൂറൽ എസ്പിയുമായി മുഖ്യമന്ത്രി ഫോണിൽ സംസാരിച്ചു.
സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ മന്ത്രി ബിന്ദു കൃഷ്ണയും നിർദ്ദേശം നൽകിയിരുന്നു. കൊല്ലം റൂറൽ എസ്പിയും ചൈൽഡ് ലൈനും പരാതി അന്വേഷിക്കുന്നുണ്ട്. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതും അതിക്രമങ്ങൾ തടയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം




































