ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിക്കും. തുടർന്ന് പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കുന്ന ചടങ്ങ് നടക്കും.
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമലയിലും എ ദാമോദരൻ നമ്പൂതിരി മാളികപ്പുറത്തും പുതിയ മേൽശാന്തിമാരായി സ്ഥാനമേൽക്കും. ഇന്ന് മറ്റു പൂജകൾ ഇല്ല. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് വൃശ്ചിക പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം നടകൾ തുറക്കുന്നതോടെ മണ്ഡലകാലത്തിന് തുടക്കമാകും.
എല്ലാ ദിവസവും പുലർച്ചെ മൂന്നിന് നട തുറക്കും. 3.30 മുതൽ 11 വരെയാണ് നെയ്യഭിഷേകം. ഉച്ചപൂജയ്ക്ക് ശേഷം ഒന്നിന് നട അടച്ചാൽ വൈകീട്ട് മൂന്നിന് തുറക്കും. രാത്രി 11ന് ഹരിവരാസനം. ഡിസംബർ 27നാണ് മണ്ഡലപൂജ. അന്ന് രാത്രി നട അടക്കുന്നതോടെ മണ്ഡലകാല തീർഥാടനത്തിന് സമാപനമാകും. മകരവിളക്ക് തീർഥാടനത്തിനായി 30ന് വൈകീട്ട് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് നട അടയ്ക്കും.
ദിവസവും 80,000 പേർക്ക് ദർശനം, ബുക്ക് ചെയ്യണം
ഇന്ന് മാത്രം ദർശനത്തിന് 30,000 പേർ ബുക്ക് ചെയ്തിട്ടുണ്ട്. തിരക്ക് നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12ന് മാത്രമേ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് പോകാൻ അനുവദിക്കുകയുള്ളൂ. നാളെ മുതൽ പ്രതിദിനം 80,000 പേർക്കാണ് ദർശനം. വെർച്വൽ ക്യൂ വഴി 60,000, നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് വഴി 10,000, എരുമേലി, പുല്ലുമേട് കാനനപാത വഴി 3000 വീതം ഓൺലൈൻ ടിക്കറ്റ് ലഭിക്കും. വണ്ടിപ്പെരിയാർ സത്രം വഴി ദിവസം 2000 പേർക്കും അനുമതിയുണ്ട്. പമ്പയിൽ സ്പോട്ട് ബുക്കിങ് സൗകര്യമില്ല.
ഒരുക്കങ്ങൾ പൂർത്തിയായി
മണ്ഡല- മകരവിളക്ക് മഹോൽസവത്തിനായുള്ള മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ടെന്ന് കെ ജയകുമാർ അറിയിച്ചു. ശബരിമല പാതകളിൽ വിശ്രമത്തിനായി 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചതോടെ മലകയറുമ്പോഴുള്ള യാത്രാക്ളേശം ഒരുപരിധിവരെ കുറയും. നിലയ്ക്കലിൽ അയ്യായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്. തീർഥാടന കാലത്ത് 50 ലക്ഷം ടിൻ അരവണയുടെ കരുതൽ ശേഖരം തയ്യാറാക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































