തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ അർജുന അവാർഡ് നേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടുമായ പത്മിനി തോമസും ബിജെപി വിടുന്നു. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടർന്നാണ് രാജി എന്നാണ് വിവരം.
2024ൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയ പത്മിനി, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചുവരികയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ പാളയം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മൽസരിച്ചിരുന്നു. പത്മിനി കോൺഗ്രസിലേക്ക് തിരിച്ചുവരുമെന്നാണ് സൂചന. ചൊവ്വാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തും.
ബിജെപിയിലേക്ക് പോയത് തന്റെ എടുത്തുചാട്ടം കൊണ്ടാണെന്നും ആ തീരുമാനത്തിൽ ഇപ്പോൾ വിഷമമുണ്ടെന്നും പത്മിനി പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്പോർട്സിനോടുള്ള താൽപര്യം കണ്ടിട്ടാണ് ബിജെപിയിലേക്ക് പോയതെന്നും എന്നാൽ കേരളത്തിലടക്കം ഈ മേഖലയിൽ ഒന്നും ചെയ്യാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും പത്മിനി പറഞ്ഞു.
വിളിച്ചപ്പോഴുള്ള ആവേശം പിന്നീട് ബിജെപി കാണിച്ചില്ലെന്നും പത്മിനി വിമർശിച്ചു. എന്തെങ്കിലും പദവി ചോദിച്ചല്ല ബിജെപിയിൽ പോയത്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, പരിഗണിച്ചില്ല. പിന്നീടാണ് പാളയത്ത് മൽസരിക്കാൻ നിർത്തിയത്. പാർട്ടിയിൽ തുടരുന്നതിൽ അർഥമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ബിജെപി വിടാനുള്ള തീരുമാനം.
തന്റെ കായിക രംഗത്തെ അറിവും അനുഭവ സമ്പത്തും സംസ്ഥാന-ദേശീയ തലങ്ങളിൽ പ്രയോജനപ്പെടുത്താമെന്ന ബിജെപി നേതൃത്വത്തിന്റെ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല. അഞ്ചുവർഷം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായി പ്രവർത്തിച്ച പരിചയസമ്പത്ത് ഉണ്ടായിട്ടും പാർട്ടി അത് ഉപയോഗപ്പെടുത്തിയില്ലെന്നും പത്മിനി ആക്ഷേപിച്ചു.
പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളിൽ പോലും തനിക്ക് പ്രാതിനിധ്യം നൽകിയില്ല. പല പാർട്ടി യോഗങ്ങളിൽ നിന്നും തന്നെ ഒഴിവാക്കി. പാർട്ടി വിടുന്ന കാര്യം ബിജെപി നേതാക്കളെ മുൻകൂട്ടി അറിയിച്ചില്ലെന്നും തന്നോട് ഒരു കൂടിയാലോചനകളും നടത്താത്ത പാർട്ടിയോട് അത് പറയേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത






































