തിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയതിന് സിപിഎം നേതാവും മുൻ എംഎൽഎയുമായ ടിഐ. മധുസൂദനെതിരെ കേസെടുക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് നിർദ്ദേശം നൽകിയത്.
കണ്ണൂർ സിവി. ധനരാജ് വധക്കേസിൽ കോടതി വിധി വന്നതിന് പിന്നാലെയായിരുന്നു മധുസൂദനൻ പ്രകോപനപരമായ പരാമർശം നടത്തിയത്. പയ്യന്നൂരിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷിദിന അനുസ്മരണ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു കൊലവിളി പ്രസംഗം. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാതിരുന്നത് ഭാഗ്യമാണെന്നാണ് മധുസൂദനൻ പറഞ്ഞത്.
‘ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം. തടവുശിക്ഷയും നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്ന് കരുതി സങ്കൽപ്പത്തോണിയിൽ യാത്ര ചെയ്യാം. കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും. അതിന് പാർട്ടിക്ക് മടിയില്ല. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പാർട്ടിയെ ആക്ഷേപിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ടാകും.
എന്നാൽ, തെരുവിലിറങ്ങിയത് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും. ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല. പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ലെന്നും’ മധുസൂദനൻ പറഞ്ഞു.
സമൂഹത്തിൽ വലിയ ആശങ്കയുണ്ടാക്കുന്ന പ്രസംഗമാണിതെന്നും ബിഎൻഎസ് പ്രകാരം, പരസ്പരം ശത്രുത ഉണ്ടാക്കുന്ന വകുപ്പുകൾ ചുമത്താവുന്ന കുറ്റം പ്രസംഗത്തിൽ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അജിത് ലാൽ പരാതി നൽകിയത്. കണ്ണൂരിൽ രാഷ്ട്രീയ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സജിത് ലാലിന്റെ സഹോദരനാണ് പരാതിക്കാരനായ അജിത് ലാൽ. സജിത് കൊല്ലപ്പെട്ട കേസിൽ ടിഐ. മധുസൂദനൻ ആരോപണ വിധേയനായിരുന്നു.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത




































