തിരുവനന്തപുരം: വിദേശത്തുള്ള കെ. സുധാകരൻ എംപിയോട് അടിയന്തരമായി തിരികെ വരാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം. അടുത്തയാഴ്ച ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ഏറെ പ്രാധാന്യമുള്ള മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് എംപിയോട് മടങ്ങിവരാൻ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.
യുഎസിലെ ചികിൽസയ്ക്കായി സുധാകരൻ കുടുംബസമേതം 26ന് രാത്രിയാണ് അബുദാബിയിലേക്ക് പോയത്. അതേസമയം, തന്നെ അറിയിച്ചിട്ടാണ് സുധാകരൻ വിദേശത്തേക്ക് പോയതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. 540 അംഗ ലോക്സഭയിൽ 360 പേരുടെ പിന്തുണയാണ് കേന്ദ്ര സർക്കാരിന് ബിൽ പാസാക്കാൻ ആവശ്യമായി വരുന്നത്.
എൻഡിഎയുടെ 322 സീറ്റുകൾക്ക് പുറമെ എൻസിപി (എസ്പി), ഡിഎംകെ, ജെഎംഎം, വൈഎസ്ആർ കോൺഗ്രസ് എന്നിവരുടെ പിന്തുണ കൂടി ലഭിച്ചാൽ 359 സീറ്റുകൾ കേന്ദ്ര സർക്കാരിന് ഉറപ്പിക്കാനാകും. എന്നാലും ഒരു സീറ്റിന്റെ കുറവുണ്ടാകും. ഈ സാഹചര്യത്തിലാണ് സുധാകരന്റെ അഭാവം ചർച്ചയാകുന്നത്.
പ്രതിപക്ഷത്ത് വിള്ളൽ വരുത്തി മണ്ഡല പുനർനിർണായ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്രം പാർലമെന്റിൽ ഏത് വിധേയനെയും പാസാക്കിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോൺഗ്രസ് എംപി വിദേശത്തേക്ക് പോയത്. മുഴുവൻ എംപിമാരുടെയും ഹാജർ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. ഇതിനിടെയാണ് വിദേശത്തേക്ക് പോയ സുധാകരനെ ബന്ധപ്പെടാൻ ആകാതെ നേതാക്കൾ നട്ടംതിരിയുന്നത്.
എല്ലാ എംപിമാരോടും നാളെ ഡെൽഹിയിൽ എത്തണമെന്നാണ് എഐസിസി നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാനിരിക്കെ സുധാകരനെ ബന്ധപ്പെടാൻ കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പടെ നേതാക്കൾ പലവഴി നോക്കിയെങ്കിലും കഴിഞ്ഞിയില്ല. അബുദാബിയിൽ തങ്ങിയ ശേഷം സുധാകരൻ അമേരിക്കയിലേക്ക് പോകുമെന്നാണ് കുടുംബം സൂചിപ്പിക്കുന്നത്.
Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ



































