കൊച്ചി: കേരള ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നല്കി ശോഭാ സുരേന്ദ്രന്. തന്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് സുരേന്ദ്രന്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ശോഭ ദേശീയാധ്യക്ഷന്‍ ജെ പി നദ്ദക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കും പരാതി നല്‍കിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നവരെ ചേര്‍ത്ത് ശോഭ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്. സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിക്ക് തടസമാകും എന്ന് മനസിലാക്കി അദ്ദേഹം തന്നെ ഒഴിവാക്കിയതാണെന്നും ശോഭ പരാതിയില്‍ ചൂണ്ടിക്കാട്ടി.
ശോഭ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും കോര്‍കമ്മിറ്റി ഏക വനിതാ അംഗവുമായി തുടരുമ്പോഴാണ് സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. പാര്‍ട്ടിയുടെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട അഞ്ചംഗ ദേശീയ സമിതിയില്‍ വരെ ഉണ്ടായിരുന്ന തന്നെ കോര്‍കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതികരിക്കാതെ മാറിനിന്നിട്ടും തന്നെ വേട്ടയാടുകയാണെന്നും അപമാനിച്ച് പുറത്താക്കാനാണ് നീക്കമെന്നും ശോഭ പരാതിയില്‍ പറയുന്നു.
പാര്‍ട്ടിയിലെ ഭിന്നതകളില്‍ അതൃപ്തി പ്രകടിപ്പിച്ച് ശോഭ സുരേന്ദ്രന് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി പുനസംഘടനയില്‍ അതൃപ്തിയുണ്ട്. വിഴുപ്പലക്കലിന് നിന്ന് കൊടുക്കില്ലെന്നും കാര്യങ്ങള്‍ ഒളിച്ചുവെക്കാന്‍ ഒരുക്കമല്ലെന്നും ശോഭ സുരേന്ദ്രന് പ്രതികരിച്ചിരുന്നു. ഏഴുമാസത്തിലേറെയായി ശോഭ സുരേന്ദ്രന് പൊതുരംഗത്ത് സജീവമാകാത്തത് ശ്രദ്ധിക്കപ്പെട്ടപ്പോള്‍ കാരണം അവരോട് തന്നെ ചോദിക്കണം എന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
Read also: കേരളപ്പിറവി ദിനത്തില്‍ ‘വഞ്ചനാ ദിനം’ ആചരിക്കാനൊരുങ്ങി പ്രതിപക്ഷം