കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി. ഡിവിഷൻ ബെഞ്ചിന്റേതാണ് പുതിയ നടപടി. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനഃക്രമീകരിക്കണം എന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. എന്നാൽ, നിലവിൽ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകിയിരുന്നു. ഇത് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അപ്പീലിലൂടെ അറിയിച്ചു. സംവരണ വിഷയത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.
Also Read: എങ്ങുമെത്താതെ സിലബസ്; പ്ളസ്ടുക്കാർക്ക് ക്ളാസ് സമയം കൂട്ടിയേക്കും
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കിയാൽ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം 50 ശതമാനത്തിൽ താഴേക്ക് പോകുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച് കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.































