കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവ് കെ വിദ്യ വ്യാജരേഖ സമർപ്പിച്ച കേസിൽ അഗളി പോലീസ് ഇന്ന് കാസർഗോഡെത്തി തെളിവുകൾ ശേഖരിക്കും. ഉച്ചക്ക് 12 മണിയോടെയാണ് അഗളി എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം കാസർഗോഡ് എത്തുക. വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി സംഘം പരിശോധന നടത്തും. ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തും.
വ്യാജ രേഖ സമർപ്പിച്ച് ഗസ്‌റ്റ് ലക്ച്ചററായി ഒരു വർഷം ജോലി ചെയ്‌ത കരിന്തളം ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലും പോലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും. അതേസമയം, പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന ആരംഭിക്കും. കേസിൽ ആരോപണവിധേയായ കെ വിദ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.
വിദ്യക്കെതിരെ നീലേശ്വരം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കരിന്തളം കോളേജ് അധികൃതരുടെയും മഹാരാജാസ് കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് നീലേശ്വരം പോലീസിന്റെ അടുത്ത നീക്കം. അതേസമയം, എറണാകുളം മഹാരാജാസ് കോളേജിലെ മാർക്ക് ലിസ്‌റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്‌ഥാന സെക്രട്ടറി പിഎം ആർഷോയുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും.
തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് പിഎം ആർഷോ ഡിജിപിക്ക് പരാതി നൽകിയത്. പരാതി ഡിജിപി കൊച്ചി കമ്മീഷണർക്ക് കൈമാറിയിരുന്നു. അന്വേഷിച്ചു തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചാണ് കൊച്ചി കമ്മീഷണർക്ക് ഡിജിപി പരാതി കൈമാറിയത്. കോളേജ് പ്രിൻസിപ്പൽ അടക്കമുള്ളവരെ എതിർകക്ഷിയാക്കിയാണ് കേസ്.
അതേസമയം, മാർക്ക് ലിസ്‌റ്റ് വിവാദം എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ. വിഷയത്തിൽ പിഎം ആർഷോ നിരപരാധിയാണെന്ന് നേതൃയോഗം വിലയിരുത്തി. ഇക്കാര്യത്തിൽ ആർഷോ പാർട്ടിക്ക് നൽകിയ വിശദീകരണം തൃപ്‌തികരമാണെന്നും എന്നാൽ, കെ വിദ്യക്കെതിരെ ഉയർന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
Most Read: കെ ഫോൺ; ചൈനീസ് കമ്പനിയുമായുള്ള കേരളത്തിന്റെ ഇടപാട് സംശയകരം- കേന്ദ്രമന്ത്രി