കോഴിക്കോട്: ‘ എന്റെ വിവാഹത്തിന് സ്വർണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസം അനുഭവിക്കുന്നവർക്ക് താങ്ങാവാം’- മകളുടെ ഈ വാക്കുകൾ ജീവകാരുണ്യ പ്രവർത്തകനായ കൊഴുക്കല്ലൂർ കോരമ്മൻ കണ്ടി അന്ത്രുവിനെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. മകൾ ഷെഹ്‌ന ഷെറിന്റെ ആഗ്രഹത്തിന് പൂർണ മനസോടെ കൂടെ നിൽക്കാൻ അന്ത്രു തീരുമാനിച്ചു.
വിവരം വരൻ കോട്ടപ്പള്ളി ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയെയും കുടുംബത്തെയും അറിയിച്ചപ്പോൾ അവരും തീരുമാനത്തെ പിന്തുണച്ചു. ഷെഹ്‌ന ഷെറിന്റെയും മുഹമ്മദ് ഷാഫിയുടെയും വിവാഹ ദിനമായ ഞായറാഴ്‌ച അന്ത്രുവിന്റെ 21 സെന്റ് സ്‌ഥലം ഭൂമിയില്ലാത്ത നാല് പേർക്ക് നൽകി അതിന്റെ ആധാരം കൈമാറും.
മേപ്പയ്യൂർ പാലിയേറ്റീവ് സെന്റർ പ്രവർത്തകരാണ് ഈ പിതാവും മകളും. പാലിയേറ്റീവ് സെന്റർ നിർമിക്കുന്ന ഡയാലിസിസ് സെന്ററിന് ധനസഹായവും കല്യാണത്തിന്റെ ഭാഗമായി നൽകും. കൂടാതെ അരികുളം പ്രതീക്ഷ പാലിയേറ്റീവ്, സുരക്ഷാ പാലിയേറ്റീവ് എന്നിവക്കും ധനസഹായം നൽകും. ഒരാൾക്ക് വീട് നിർമാണത്തിനും മറ്റൊരാൾക്ക് ചികിൽസാ സഹായവും നൽകി. കൂടാതെ ഒരു കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റ പണിക്കുള്ള ധനസഹായവും ഒരു പെൺകുട്ടിയുടെ വിവാഹത്തിനുള്ള സഹായവും അന്ത്രു മകളുടെ വിവാഹത്തോട് അനുബന്ധിച്ച് നൽകി.
കഴിഞ്ഞ 30 വർഷമായി കുവൈറ്റിൽ ബിസിനസ് നടത്തുകയാണ് അന്ത്രു. ഇദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന് ഭാര്യ റംലയും ഇളയ മകൾ ഹിബ ഫാത്തിമയും എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ട്. വിവാഹ ദിനത്തിലെ പ്രവർത്തിയിൽ മാത്രമല്ല വിവാഹ പന്തലിലും ഇദ്ദേഹം വ്യത്യസ്‌തത കൊണ്ടുവന്നിട്ടുണ്ട്. പഴയ കാലത്തെ ഓർമപ്പെടുത്തുന്ന വിധത്തിൽ ഓലകൊണ്ടാണ് പന്തൽ ഒരുക്കിയത്. ഇലഞ്ഞി ഇല കൊണ്ടും ഈന്തോല പട്ട കൊണ്ടുമാണ് പന്തൽ അലങ്കരിച്ചത്.
Most Read: സിംഹ കൂട്ടങ്ങൾക്കൊപ്പം കാട്ടിലൂടെ യുവതിയുടെ സവാരി!; സത്യമോ മിഥ്യയോ ?