കായംകുളം: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. വള്ളികുന്നം തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) ആണ് കായംകുളം ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്.
2021 വിഷുദിനത്തിലാണ് വള്ളികുന്നം പുത്തൻചന്ത കുറ്റിതെക്കതിൽ അമ്പിളികുമാറിന്റെ മകൻ അഭിമന്യു (15) ആർഎസ്എസ് പ്രവർത്തകരുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. കൂടാതെ അഭിമന്യുവിന്റെ സുഹൃത്തുക്കളായ പുത്തൻചന്ത മങ്ങാട്ട് കാശിനാഥ് (15), നഗരൂർകുറ്റിയിൽ ആദർശ് (17) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
കൊണ്ടോടിമുകൾ പുത്തൻപുരക്കൽ സജയ്ജിത്ത് (21), വള്ളികുന്നം ജ്യോതിഷ് ഭവനിൽ ജിഷ്‌ണു തമ്പി (26), കണ്ണമ്പള്ളി പടീറ്റതിൽ അരുൺ അച്ച്യുതൻ (21), ഇലിപ്പക്കുളംഐശ്വര്യയിൽ ആകാശ് പോപ്പി (20), വള്ളികുന്നം പ്രസാദം വീട്ടിൽ പ്രണവ് (23), താമരക്കുളം കണ്ണനാകുഴി ഷീജാ ഭവനത്തിൽ ഉണ്ണികൃഷ്‌ണൻ (ഉണ്ണിക്കുട്ടൻ 24), തറയിൽ കുറ്റിയിൽ അരുൺ വരിക്കോലി (24) എന്നിവരാണ് പ്രതികൾ. സംഭവശേഷം ഒളിവിൽ പോയ അരുൺ വരിക്കോലിയെ പിടികൂടാൻ ആവാത്തതിനെ തുടർന്ന് ഇയാളെ ഉൾപ്പെടുത്താതെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.
Most Read: വിദേശ പൗരനെ അപമാനിച്ച സംഭവം; ഗ്രേഡ് എസ്‌ഐയുടെ സസ്‌പെൻഷൻ പിൻവലിച്ചു