തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിലെ ഇരയായ പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. കളമശേരി മെഡിക്കൽ കോളേജിലെ വൈദ്യപരിശോധനയ്‌ക്കിടെ ഡോക്‌ടർമാർ പൂട്ടിയിട്ടെന്ന പരാതിയിലാണ് കേസ്.
മോൻസൺ മാവുങ്കലിനെതിരെ പരാതി നൽകിയ പെൺകുട്ടി വൈദ്യപരിശോധനയ്‌ക്ക് കളമശേരി മെഡിക്കൽ കോളേജിൽ എത്തിയപ്പോഴായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ ലേബർ റൂമിൽ മൂന്ന് ഡോക്‌ടർമാർ പെൺകുട്ടിയെ പൂട്ടിയിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ടാണ് മെഡിക്കൽ കോളേജിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് നടപടി.
സംഭവം നടന്ന ആദ്യദിവസങ്ങളിൽ പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തെങ്കിലും കേസെടുക്കാൻ ഏറെ വൈകിയിരുന്നു. മെഡിക്കൽ കോളേജിനെതിരായ കേസ് പോലീസ് മനപ്പൂർവം ഒതുക്കുകയാണെന്നത് ഉൾപ്പടെയുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് മോൻസനെതിരായ മറ്റ് കേസുകൾ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തന്നെ മെഡിക്കൽ കോളേജിനെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ അന്യായമായി തടങ്കലിൽ വെച്ചതിനും ഭീഷണിപ്പെടുത്തിയതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്.
കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. ലേബർ റൂമിലുള്ള മൂന്ന് ഡോക്‌ടർമാരാണ് തന്നെ പൂട്ടിയിട്ടതെന്നാണ് പെൺകുട്ടിയുടെ മൊഴി. കളമശേരി മെഡിക്കൽ കോളേജിലെത്തി അന്വേഷണം നടത്തിയ ശേഷമാകും ഡോക്‌ടർമാരെ പ്രതി ചേർക്കുകയെന്നാണ് ക്രൈം ബ്രാഞ്ച് നൽകുന്ന വിവരം. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥർ ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ എത്തി പരിശോധന നടത്തും. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുക. സെക്യൂരിറ്റി ജീവനക്കാരോടും വിവരങ്ങൾ തേടും. തെളിവുകൾ ലഭിക്കുന്നതനുസരിച്ച് കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.
Also Read: ജോജുവിന്റെ വാഹനം തകർത്ത കേസ്; പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്