കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പിപി ദിവ്യയുടെ ജാമ്യഹരജിയിൽ തലശ്ശേരി ജില്ലാ കോടതിയിൽ ഇന്ന് വാദം കേൾക്കും. ജാമ്യം നൽകുന്നതിനെ എതിർത്ത നവീൻ ബാബുവിന്റെ കുടുംബം കക്ഷിചേരും.
തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന കളക്‌ടറുടെ മൊഴിയും പരാതിക്കാരൻ പ്രശാന്തിന്റെ മൊഴിയും ആയുധമാക്കിയാകും പ്രതിഭാഗത്തിന്റെ വാദം. ദിവ്യയെ ചോദ്യം ചെയ്‌തതിന് പിന്നാലെയുള്ള ജാമ്യഹരജിയിൽ പ്രോസിക്യൂഷന്റെ വാദവും നിർണായകമാകും. കൈക്കൂലി ആരോപണം ഉന്നയിച്ചതിൽ ഗൂഢാലോചനയില്ലെന്നാണ് ദിവ്യയുടെ വാദം.
ഫയൽനീക്കം വൈകിപ്പിച്ചതിനെയാണ് വിമർശിച്ചതെന്നും അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്നും സ്‌ഥാപിക്കാനാകും ശ്രമം. പെട്രോൾ പമ്പുമായി ബന്ധമില്ലെന്നും ദിവ്യ വ്യക്‌തമാക്കിയിട്ടുണ്ട്. പ്രശാന്തിനെ നേരത്തെ പരിചയമില്ലെന്നും ദിവ്യ മൊഴി നൽകിയിരുന്നു. അതേസമയം, പെട്രോൾ പമ്പുമായി ബന്ധപ്പെട്ട എൻഒസി നവീൻ ബാബു വൈകിപ്പിച്ചിട്ടില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത അന്വേഷണ റിപ്പോർട്ടിലുള്ളത്.
ഫയലുകൾ വെച്ചുതാമസിച്ചിരുന്ന ആളല്ല നവീൻ ബാബുവെന്നും ക്രമവിരുദ്ധമായി അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണവും തള്ളിക്കളയുന്നതാണ് റിപ്പോർട്. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Most Read| പുതിയ പ്രസിഡണ്ട് ആര്? അമേരിക്ക ഇന്ന് വിധിയെഴുതും