അഫ്‌സ്‌പ പിൻവലിക്കണം; കേന്ദ്രത്തോട് നാഗാലാ‌ൻഡ്

By Desk Reporter, Malabar News
Afspa-should-be-withdrawn;-Nagaland-to-the-center
Ajwa Travels

കൊഹിമ: സംസ്‌ഥാനത്ത് സൈന്യം നടത്തിയ വെടിവെപ്പിലും തുടർന്നുള്ള സംഘർഷത്തിലും 14 ഗ്രാമീണർ കൊല്ലപ്പെട്ടതിനു പിന്നാലെ, പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്‌പ) പിൻവലിക്കണമെന്ന ആവശ്യവുമായി നാഗാലാൻഡ്. സംസ്‌ഥാനത്ത് നിയമം പിൻവലിക്കാനുള്ള ശക്‌തമായ ശുപാർശകളോടെ നാഗാലാൻഡ് സർക്കാർ ഉടൻ കേന്ദ്രത്തിന് ഔദ്യോഗിക കത്ത് നൽകും.

അഫ്‌സ്‌പ പിൻവലിക്കണമെന്ന് നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ തിങ്കളാഴ്‌ച ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മരണാനന്തര ചടങ്ങിനു ശേഷമായിരുന്നു റിയോയുടെ ട്വീറ്റ്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൈന്യത്തിന് അമിതാധികാരം നൽകുന്ന നിയമം പിൻവലിക്കണമെന്നു വിവിധ മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടു. അസം, മണിപ്പുർ, അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും അഫ്‌സ്‌പ നിലവിലുണ്ട്.

നെഫ്യു റിയോ ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായതിനാൽ തന്നെ അഫ്‌സ്‌പ പിൻവലിക്കുന്നതിൽ കേന്ദ്രത്തിനുമേൽ രാഷ്‌ട്രീയ സമ്മർദ്ദവുമുണ്ട്. ഇതിനിടെ, നാഗാലാൻഡിലെ ഏറ്റവും വലിയ ആഘോഷമായ ഹോൺബിൽ ഫെസ്‌റ്റിവൽ നിർത്തിവച്ചു. ഒട്ടേറെ ഗോത്രങ്ങൾ ഫെസ്‌റ്റിവലിൽ നിന്നു പിൻമാറി. വടക്കുകിഴക്കൻ പ്രദേശങ്ങളിലെ വ്യത്യസ്‌ത സമൂഹങ്ങൾ അവരുടെ സംസ്‌കാരം പ്രദർശിപ്പിക്കുന്ന ഫെസ്‌റ്റിവൽ 10 ദിവസം നീണ്ടുനിൽക്കുന്നതാണ്. ഡിസംബർ 1ന് ആരംഭിച്ച ഫെസ്‌റ്റിവലിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികൾ പങ്കാളികളായി.

വെടിവെപ്പിന് എതിരെ കൊഹിമ ഉൾപ്പടെ വിവിധ സ്‌ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. മോൺ ജില്ലയിൽ മൊബൈൽ ഫോൺ സേവനം റദ്ദാക്കി, നിരോധനാജ്‌ഞയുമുണ്ട്. സുപ്രീം കോടതി മുൻ ജഡ്‌ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് നാഗാ സ്‌റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ അടക്കം ഉൾപ്പെടുത്തി ആറാഴ്‌ചയ്‌ക്ക് ഉള്ളിൽ റിപ്പോർട് സമർപ്പിക്കണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. പ്രതിരോധ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, നാഗാലാന്‍ഡ് ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോടും മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോർട് തേടിയിട്ടുണ്ട്.

Most Read:  സഞ്‌ജയ് റാവത്ത്-രാഹുൽ കൂടിക്കാഴ്‌ച ഇന്ന്; സഖ്യം ദേശീയ തലത്തിലേക്കോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE