തിരുവനന്തപുരം: എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വനിതാ നേതാക്കൾ പരാതി നൽകിയതിൽ പ്രതികരണവുമായി എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്. തനിക്കെതിരായ പരാതിക്ക് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്ന് നവാസ് ആരോപിച്ചു. ഹരിതയിലെ പ്രശ്‌നങ്ങള്‍ മലപ്പുറം ജില്ലാ കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ളതാണെന്നും സ്‌ത്രീകളെ അപമാനിക്കലല്ല തന്റെ രാഷ്‌ട്രീയമെന്നും നവാസ് പറഞ്ഞു.
സംഘടനയിലെ ഒരു വിഭാഗം കള്ളവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. പാർടി തീരുമാനം വരും മുമ്പ് പുതിയ നീക്കങ്ങള്‍ നടത്തിയവരുടെ ലക്ഷ്യം നീതിയോ ആദര്‍ശമോ അല്ലെന്നും ലീഗ് നേതൃത്വവുമായി ആലോചിച്ച് സംഘടനാപരമായ നടപടികൾ തീരുമാനിക്കുമെന്നും നവാസ് കൂട്ടിച്ചേർത്തു.
ഹരിതയിലെ പത്തോളം സംസ്‌ഥാന ഭാരവാഹികളാണ് എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് ഉൾപ്പടെയുള്ളവർക്ക് എതിരെ വനിതാ കമ്മീഷനിൽ പരാതി നൽകിയിരിക്കുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും വനിതാ നേതാക്കൾ ആരോപിച്ചു.
എംഎസ്എഫ് നേതാക്കളുടെ സ്‌ത്രീവിരുദ്ധ പരാമർശത്തിന് എതിരെ നേരത്തെ വനിതാ നേതാക്കൾ മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് മുസ്‌ലിം ലീഗിന് നൽകിയ പരാതിയിൽ വനിതാ നേതാക്കൾ ഉന്നയിച്ചിരുന്നത്. മലപ്പുറം ജില്ലയിലെ ഹരിതയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എംഎസ്എഫ് സംസ്‌ഥാന കമ്മിറ്റിയില്‍ വിശദീകരിച്ച ഹരിത സംസ്‌ഥാന നേതാക്കളുടെ പരാമര്‍ശത്തെ പികെ നവാസ് ‘വേശ്യയുടെ ചാരിത്ര്യ പ്രസംഗം’ എന്നാണ് വിശേഷിപ്പിച്ചത്. വേശ്യക്കും ന്യായീകരണം ഉണ്ടാവുമെന്ന തലത്തിലാണ് ഹരിതയോട് വിശദീകരണം ആവശ്യപ്പെട്ടതെന്നും വനിതാ നേതാക്കൾ പരാതിയിൽ പറഞ്ഞിരുന്നു.
ഹരിതയുടെ പ്രവര്‍ത്തകര്‍ വിവാഹം കഴിക്കാന്‍ മടിയുള്ളവരാണെന്നും വിവാഹം കഴിഞ്ഞാൽ കുട്ടികള്‍ ഉണ്ടാവാന്‍ സമ്മതിക്കാത്തവരാണെന്നും പറയുന്ന സംസ്‌ഥാന നേതാക്കളുടെ വോയ്‌സ് മെസേജുകള്‍ ഉണ്ട്. പെണ്‍കുട്ടികളുടെ സ്വഭാവശുദ്ധിയെ പോലും സംശയത്തിലാക്കുന്ന തരത്തില്‍ എംഎസ്എഫ് നേതാക്കള്‍ പ്രസംഗിച്ചു എന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാൽ ഇതിൽ മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വം നടപടി എടുക്കാത്തതിനെ തുടർന്ന് ഹരിത നേതാക്കൾ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു.
Most Read: നടിയെ ആക്രമിച്ച കേസ്; വിചാരണക്ക് 6 മാസം കൂടി, അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും